രഞ്ചൻ മാലിക്
കൽപറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ വയനാട് സ്വദേശിയായ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡിഷയിലെത്തി പിടികൂടി വയനാട് സൈബർ പൊലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക്കിനെയാണ് (27) സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഷജു ജോസഫും സംഘവും പിടികൂടിയത്. മാവോവാദി സാന്നിധ്യമുള്ള ഒഡിഷയിലെ ഉൾഗ്രാമത്തിലെത്തി ആഗസ്റ്റ് 14ന് പുലർച്ച വീട് വളഞ്ഞ് സാഹസികമായാണ് ഒഡീഷ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.
വയനാട് സ്വദേശിയായ യുവതിയുടെ പരാതി പ്രകാരമാണ് നടപടി. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ മൊബൈൽ നമ്പർ അടക്കം വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന സമയത്താണ് ഇയാൾ യുവതിയെ പ്രണയം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈവശപ്പെടുത്തിയത്. തുടർന്ന് ഒഡിഷയിലേക്ക് തിരികെ പോയ പ്രതി വീണ്ടും യുവതിയോട് നഗ്നദൃശ്യങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
ഇത് വിസമ്മതിച്ചതിനെതുടർന്നാണ് മുമ്പ് കൈവശപ്പെടുത്തിയ ദൃശ്യങ്ങൾ യുവതിയുടെ മൊബൈൽ നമ്പർ അടക്കം ഇയാൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചത്. പൊലീസ് സംഘത്തിൽ എ.എസ്.ഐമാരായ കെ. റസാഖ്, പി.പി. ഹാരിസ്, സി.പി.ഒമാരായ എൽ.എ. ലിൻരാജ്, അരുൺ അരവിന്ദ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.