കോഴിക്കോട്: പട്ടാപ്പകൽ നടുറോഡിൽ വനിത ഡോക്ടർ മർദനത്തിനിരയായ സംഭവം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടിക്കാതെ പൊലീസ്. മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. അമ്പിളിയാണ് ബുധനാഴ്ച ഉച്ചയോടെ പ്രസന്‍റേഷൻ സ്കൂളിന് സമീപം ആക്രമണത്തിനിരയായത്.
പരിവാഹൻ വൈബ്സൈറ്റിൽനിന്നു വണ്ടിയുടെ നമ്പർ ശേഖരിച്ച് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഫോൺ സ്വിച്ച് ഓഫായതിനാൽ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. ആക്രമണത്തിൽ മൂക്കിന്‍റെ പാലത്തിന് പരിക്കേറ്റ ഡോക്ടർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഭേദപ്പെടുന്നില്ലെങ്കിൽ സർജറി ചെയ്യാമെന്ന തീരുമാനത്തിൽ ഡോക്ടർ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. എന്നാൽ, ആക്രമണത്തിന്‍റെ ആഘാതത്തിൽനിന്ന് മുക്തയാകാൻ ഇതുവരെ ഡോക്ടർക്ക് കഴിഞ്ഞിട്ടില്ല. എന്തിനാണ് താൻ ആക്രമിക്കപ്പെട്ടതെന്നുപോലും അറിയില്ലെന്ന് ഡോക്ടർ പറയുന്നു.
''കാറിന് കുറുകെ അയാൾ വണ്ടി ഇട്ടപ്പോഴാണ് എന്തോ പ്രശ്നമുണ്ടല്ലോ എന്ന് തോന്നിയത്. ഇൻഡിക്കേറ്റർ ഇടാതെ ഞാൻ ട്രാക്ക് മാറ്റിയെന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. താൻ വണ്ടി പതുക്കെയാണ് ഓടിച്ചിരുന്നത്. പത്തുവർഷമായി കാറോടിക്കുന്ന ആളാണ്. ഇതുവരെ ഒരു അപകടവും ഉണ്ടായിട്ടില്ല.
അയാൾ കാറിന്‍റെ ഡോറിൽ ഹെൽമെറ്റ് കൊണ്ട് ഇടിച്ചപ്പോൾ ഗ്ലാസ് താഴ്ത്തിയിരുന്നു. ഡ്രൈവിങ്ങിനിടെ അയാൾക്ക് പ്രകോപനമുണ്ടാകാൻ മാത്രം ഒന്നും ഉണ്ടായിട്ടില്ല. ബഹളമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ഫോട്ടോ എടുക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് അടിക്കാൻ വന്നത്. എന്നെ അടിക്കുകയും കൈമുട്ടുകൊണ്ട് ഇടിക്കുകയും ചെയ്തു. താക്കോലുകൊണ്ടാണ് കുത്തിയതെന്ന് തോന്നുന്നു. അങ്ങനെയാണ് മൂക്കുപൊട്ടി ചോരയൊലിക്കാൻ തുടങ്ങിയത്. സീറ്റ് ബെൽറ്റ് ഇട്ടിരുന്നതുകൊണ്ട് അധികം ചലിക്കാൻ കഴിയുമായിരുന്നില്ല.
എല്ലാ അടിയും ഞാൻ ആ സീറ്റിൽ ഇരുന്നു കൊണ്ടു. ആളുകൾ വണ്ടിനിർത്തി വരാൻ സമയമെടുത്തു. അതോടെ അയാൾ സ്ഥലം വിട്ടു.'' -ഡോക്ടർ പറഞ്ഞു.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ വാഹനത്തിലാണ് ഡോക്ടറെ ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.