കൊല്ലപ്പെട്ട സൈനബ
കോഴിക്കോട്: സ്ത്രീയെ കാറിൽ തട്ടിക്കൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്ന് കൊലപ്പെടുത്തി മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി സൈനബയെ കൊലപ്പെടുത്തിയ കേസിലാണ് നാലു പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത്. കേസിൽ ഒരാൾ ഇനിയും പിടിയിലാവാനുണ്ട്.
കഴിഞ്ഞ നവംബറിൽ നടന്ന കൊലപാതകത്തിൽ താനൂർ കുന്നുംപുറം സ്വദേശി സമദ് (52), കൂട്ടാളി ഗൂഡല്ലൂർ പെരിയ നഗർ ഓവാലി സ്വദേശി സുലൈമാൻ (40), സൈനബയുടെ സ്വർണം സമദിൽനിന്ന് തട്ടിയെടുത്ത ഗൂഡല്ലൂർ തുണ്ടത്തിൽ സ്വദേശി ശരത് (28), വയനാട് വെള്ളാരംകുന്ന് സ്വദേശി നിയാസ് (30) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സമദ്, സുലൈമാൻ എന്നിവർക്കെതിരെ കൊലക്കുറ്റവും മറ്റു രണ്ടുപേർക്കെതിരെ മോഷണമുതൽ കൈവശം സൂക്ഷിച്ച കുറ്റവുമാണ് ചുമത്തിയത്. കസബ സി.ഐയായിരുന്ന എസ്.ബി. കൈലാസ് നാഥാണ് കേസന്വേഷിച്ചതെങ്കിലും ചെമ്മങ്ങാട് ഇൻസ്പെക്ടർ എസ്. കിരണാണ് ആയിരത്തോളം പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
സ്ത്രീയുടെ സ്വർണാഭരണം കൊലയാളികളിൽനിന്ന് തട്ടിയെടുത്ത മൂന്നംഗ സംഘത്തിലെ ഒരാളായ ഗൂഡല്ലൂരിലെ സൈനുൽ ആബിദീനാണ് ഇനി പിടിയിലാകാനുള്ളത്.
സൈനബയെ കാറിൽ കടത്തിക്കൊണ്ടുപോയ സമദും സുലൈമാനും ആദ്യം സമദിന്റെ വീടിന്റെ പരിസരത്ത് പോവുകയും പിന്നീട് അരീക്കോട് വഴി കോഴിക്കോട്ടേക്ക് മടങ്ങവെ മുക്കത്തിനടുത്തെത്തിയപ്പോൾ കാറിൽവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ധരിച്ച ഷാൾ സൈനബയുടെ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊല. തുടർന്ന് മൃതദേഹം നാടുകാണി ചുരത്തിലെ പോപ്സൺ എസ്റ്റേറ്റിന് മുന്നിലെ താഴ്ചയിലാണ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.