വടകര തീരദേശ പൊലീസ് കടലിൽ പരിശോധന നടത്തുന്നു
വടകര: പുറംകടലിൽ കപ്പൽ അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ വടകര തീരദേശ മേഖലയിൽ ജാഗ്രത നിർദേശം. വടകര മുതൽ അഴിയൂർ വരെയുള്ള തീര മേഖലയിലെ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ, ജാഗ്രത സമിതികൾ ഉൾപ്പെടെയുള്ളവർക്കാണ് തീരദേശ പൊലീസ് ജാഗ്രത നിർദേശം നൽകിയത്.
കടലിലോ കരയിലോ സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും കണ്ടാൽ കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കണ്ടെത്തുന്ന സാധനങ്ങളിൽ സ്പർശിക്കരുത്. നിരീക്ഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ കോസ്റ്റൽ പൊലീസ് തീരമേഖലയിൽ റെസ്ക്യൂ ബോട്ടിൽ പരിശോധന നടത്തി.
കപ്പൽ മുങ്ങുകയാണെങ്കിൽ കണ്ടെയ്നറുകൾ മേഖലയിലെത്താനുള്ള സാധ്യത അധികൃതർ തള്ളുന്നില്ല. ഈയൊരു സാഹചര്യത്തിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. ചോമ്പാല തുറമുഖം കേന്ദ്രീകരിച്ചാണ് തീരദേശ പൊലീസിന്റെ റെസ്ക്യൂ ബോട്ട് പ്രവർത്തിക്കുന്നത്.
കടൽ പ്രക്ഷുബ്ധമായതിനാൽ സാൻഡ് ബാങ്ക്സ് അഴിമുഖത്ത് സുരക്ഷിതമല്ലാത്തതിനാൽ തീരദേശ പൊലീസിന്റെ റെസ്ക്യൂ ബോട്ട് ചോമ്പാല തുറമുഖത്തേക്ക് നേരത്തേ മാറ്റിയിരുന്നു. ഫിഷറീസിന്റെ കീഴിലുള്ള റെസ്ക്യൂ ബോട്ടും കടലിൽ നിരീക്ഷണം നടത്തുന്നുണ്ട്. അഞ്ചുപേരടങ്ങുന്ന റെസ്ക്യൂ സംഘം ഫിഷറീസ് ബോട്ടിൽ നിരീക്ഷണത്തിനുണ്ട്.
ട്രോളിങ് നിരോധനമുള്ളതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ മത്സ്യബന്ധന രംഗത്തുള്ളത്. ബോട്ടുകൾ കടലിലിറങ്ങാത്തതിനാൽ ആഴക്കടലിലെ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടാണ്.
അപകടം തീരത്തുനിന്ന് 140 കിലോമീറ്റർ അകലെയായതിനാൽ തീരമേഖലയിലേക്ക് കണ്ടെയ്നറുകളും മറ്റും എത്താൻ സമയമെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. അടിയന്തര സാഹചര്യങ്ങളിൽ സജ്ജമായിരിക്കാനുള്ള നിർദേശമാണ് തീരദേശ പൊലീസിന് ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.