മൂരാട് പാലത്തിൽ ഗതാഗത നിയന്ത്രണം

വടകര: ദേശീയപാതയിലെ മൂരാട് പുതിയ പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നവംബർ 18 മുതൽ 25 വരെ പാലം വഴിയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. പ്രവൃത്തിയുടെ ഭാഗമായി ഗതാഗതം നിയന്ത്രിക്കണമെന്ന ദേശീയപാത അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് തീരുമാനം.

നിയന്ത്രണത്തിന്റെ ഭാഗമായി തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ചരക്ക് വാഹനങ്ങൾ പെരിങ്ങത്തൂർ- നാദാപുരം-കുറ്റ്യാടി-പേരാമ്പ്ര-ഉള്ള്യേരി-അത്തോളി-പൂളാടിക്കുന്ന് വഴി കോഴിക്കോട് നഗരത്തിൽ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്തുനിന്ന് തലശ്ശേരിയിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ പൂളാടിക്കുന്ന്-അത്തോളി-ഉള്ള്യേരി-പേരാമ്പ്ര- കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂർ വഴി തലശ്ശേരിയിൽ പ്രവേശിക്കണം.

യാത്രക്കാരുമായി വരുന്ന വാഹനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ എട്ടു മുതൽ 11വരെയും വൈകീട്ട് മൂന്നു മുതൽ ആറുവരെയും മൂരാട് പാലത്തിലൂടെ ഗതാഗതം അനുവദിക്കും. ബാക്കി സമയങ്ങളിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കുന്നതാണ്.

യാത്രക്കാരുമായി വടകരയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വടകര-പണിക്കോട്ടി റോഡ്-മണിയൂർ ഹൈസ്കൂൾ-തുറശ്ശേരി മുക്ക്-തുറശ്ശേരിക്കടവ് പാലം-കിഴൂർ ശിവക്ഷേത്രം ജങ്ഷൻ വഴി പയ്യോളിയിൽ പ്രവേശിക്കണം. പയ്യോളി ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന യാത്ര വാഹനങ്ങൾ പയ്യോളി-തച്ചൻകുന്ന്-അട്ടക്കുണ്ട് പാലം-ബാങ്ക് റോഡ് വഴി വടകര ടൗണിൽ പ്രവേശിക്കേണ്ടതാണ്.

കൊയിലാണ്ടിയിൽ നിന്ന് വടകരയിലേക്കുള്ള സ്വകാര്യ ലോക്കൽ ബസുകൾ ഗതാഗത നിയന്ത്രണമുള്ള സമയങ്ങളിൽ ഇരിങ്ങൽ ഓയിൽ മിൽ ജങ്ഷനിൽ യാത്രക്കാരെ ഇറക്കി തിരികെ പോകേണ്ടതാണ്. യാത്ര സുഗമമാക്കാൻ ആവശ്യമുള്ള സ്ഥലങ്ങളിൽ ദിശാ ബോർഡുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം.

കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും പ്രയോജനപ്പെടുത്തി സമയബന്ധിതമായി പാലം പ്രവൃത്തി പൂർത്തിയാക്കണമെന്നും നിർദേശമുണ്ട്. പാലത്തിന്റെ സ്ഥിരതയും മറ്റ് സാങ്കേതിക വിശദാംശങ്ങളും എൻ.എച്ച്.എ.ഐയും ബന്ധപ്പെട്ട കരാറുകാരനും ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. വാഹനം വഴിതിരിച്ചുവിടുന്ന സമാന്തര റോഡുകൾ പൊതുമരാമത്ത് റോഡ് വിഭാഗം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും കലക്ടർ നിർദേശിച്ചു.

Tags:    
News Summary - Traffic control on Murad Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.