അത്താഴം മുട്ടുന്ന പള്ളിക്കുട്ടി മഹമൂദും തട്ടാകണ്ടി ലത്തീഫും

താഴങ്ങാടിയുടെ ഹൃദയതാളം മുഴങ്ങി തുടങ്ങി

വടകര: റമദാൻ രാവുകളുടെ നിലാവെളിച്ചത്തിൽ താഴങ്ങാടിയുടെ ഹൃദയതാളവും മുഴങ്ങി തുടങ്ങി. വ്രതാനുഷ്ഠാനത്തിന്റ ആലസ്യത്തിൽ മയങ്ങുന്നവരെ ഉണർത്താൻ തലമുറകൾ പകർന്ന അത്താഴംമുട്ട് തീരദേശത്തിെന്റ തിരമാലകളുടെ ഇരമ്പലുകൾക്കൊപ്പം പതിവു തെറ്റാതെ ഇത്തവണയും മുഴങ്ങി. കാലം കനൽവഴികൾ താണ്ടി മുന്നോട്ടു പോകുമ്പോഴും ഇവിടെയൊരു ജനത അത്താഴം മുട്ട് നെഞ്ചോടു ചേർക്കുകയാണ്. ഉറക്കത്തിലായവർക്ക് ഉണർത്തു പാട്ടായി പള്ളിക്കുട്ടി മഹമൂദും, തട്ടാൻകണ്ടി ലത്തീഫും മുട്ടി നീങ്ങുകയാണ്.

അത്താഴം മുട്ട് തലമുറകളുടെ താളമായി ഉറക്കത്തിലകപ്പെടുന്നവർക്ക് ഇന്നും അനുഗ്രഹമാണ്. സമയം കൃത്യമായി തിരിച്ചറിയാൻ ബുദ്ധിമുട്ടിയിരുന്ന കാലത്ത് തുടങ്ങിവെച്ച ആചാരം ആ കാലഘട്ടത്തിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. ഇന്ന് എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും ഇവർ തലമുറ കൈമാറി പാരമ്പര്യം നിലനിർത്തിപോരുകയാണ്. റമദാൻ വ്രതാരംഭത്തിന് ഉണർത്ത് താളവുമായി രാത്രി ഒരു മണിയോടെ തുടങ്ങും ഈ അത്താഴംമുട്ടുകൾ.

വടകര താഴെ അങ്ങാടിയുടെ രണ്ടു ദിശകളിലായിട്ടാണ് മുട്ടി നീങ്ങാറ്. വടകര ബുസ്താന്‍ മദ്റസയില്‍ നിന്നും വലിയ ജുമുഅത്ത് പളളിയില്‍നിന്നുമാണ് തുടങ്ങുക. സുബഹിക്ക് അടുത്താണ് ഇവരുടെ അത്താഴം മുട്ടി വിളി അവസാനിപ്പിക്കുക. ചെണ്ടയെക്കാൾ വലുപ്പമുളള, തുകൽ കൊണ്ട് നിർമിച്ച ഉപകരണത്തിൽ ആഞ്ഞ് കൊട്ടിയാണ് ശബ്ദം ഉണ്ടാക്കുന്നത്. ശവ്വാൽ മാസപിറവി കണ്ടാൽ അവസാന മുട്ട് മൂന്ന് നാൾ താഴെ അങ്ങാടി മുഴുവൻ മുഖരിതമാവും. ഈ സമയത്ത് പാരിതോഷികങ്ങൾ നൽകാൻ ആരും മടിക്കില്ല.

മഹമൂദിന്റെ ഉപ്പയുടെ ഉപ്പ ഹസൈനാറില്‍ തുടങ്ങി മകന്‍ അബ്ദുല്ല അദ്ദേഹത്തിന്റെ കാലശേഷം മകൻ മുസ്തഫയും മുസ്തഫയുടെ കാലശേഷം അനിയൻ മഹമൂദും ആ പാരമ്പര്യം ഏറ്റെടുത്തു. അലി പ്രായത്തിന്റെ പ്രയാസത്തിലാണ്. അതുകൊണ്ട് മകന്‍ ലത്തീഫ് ആണ് പാരമ്പര്യം തുടരുന്നത്.

താഴെ അങ്ങാടിയില്‍നിന്ന് ആരംഭിച്ച് ടൗണിലെ വിവിധ പ്രദേശങ്ങള്‍ കറങ്ങി, അഞ്ച് വിളക്ക്, ജെ.ടി റോഡ്, സി.എം ആശുപത്രി, പെരുവട്ടം താഴെ തുടങ്ങിയ സ്ഥലങ്ങളിലൂടെ ബുസ്താനില്‍ അവസാനിപ്പിക്കും. ഇവർക്ക് രണ്ടു പേർക്കുമൊപ്പം ആങ്ങാട്ട് അക്ബർ എന്ന (ആക്കി) കൈയിലൊരു വടിയും, ടോർച്ചുമായി വർഷങ്ങളോളമായി കൂടെയുണ്ട്. തെരുവുനായ് ആക്രമണം ഭയന്നാണ് വടി എടുക്കുന്നത്.

കോവിഡ് പ്രതിസന്ധിയിലും താഴെ അങ്ങാടി അത്താഴം മുട്ട് നെഞ്ചേറ്റി സമ്പൂർണ ലോക്ക്ഡൗണിൽ വടകര ബുസ്താൻ ദർസ് കമ്മിറ്റി വടകര പൊലീസിൽനിന്നും അനുമതി വാങ്ങിയാണ് നടത്തിയത്. കോവിഡിന്‍റെ നടുക്കത്തിൽ വിജനമായ തെരുവിൽ നിന്നുയർന്ന അത്താഴംമുട്ട് താഴങ്ങാടിക്ക് മറക്കാനാവാത്ത ഓർമകളുടെ ഉണർത്തുപാട്ടായിരുന്നു. കോവിഡിനുശേഷം വീണ്ടും മുഴങ്ങുകയാണിവിടെ ഹൃദയതാളമായി അത്താഴം മുട്ട്.


Tags:    
News Summary - thazhangadi athazhammuttu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.