വടകര പുറങ്കരയിൽ കടലാക്രമണത്തിൽ വീടുകളിലേക്ക് തിരമാലകൾ ഇരച്ചുകയറുന്നു
വടകര: ശക്തമായ മഴയിൽ വടകര തീരമേഖലയിൽ കടലാക്രമണം രൂക്ഷം. വീടുകൾ അപകട ഭീഷണിയിൽ. തിരമാലകൾ നിരവധി വീടുകളിലേക്ക് ഇരച്ചുകയറി. രണ്ട് ദിവസമായി കടലോര മേഖലയിലെ ജീവിതം ദുഃസ്സഹമായിരിക്കുകയാണ്. പുറങ്കരയിൽ രണ്ട് വീടുകൾ ഏത് സമയവും കടലെടുക്കുന്ന സ്ഥിതിയിലാണുള്ളത്. പ്രായമായവരും കൈക്കുഞ്ഞുങ്ങളുമടക്കം ഇവിടെ താമസിക്കുന്നുണ്ട്.
പുറങ്കരയിൽ എരഞ്ഞിക്കൽ വളപ്പിൽ ഐശു, സാഹിത എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിലുള്ളത്. പുറങ്കരയിൽ കടൽഭിത്തി തകർന്നു കിടക്കുന്നതിനാൽ തിരമാലകൾ വീടുകളുടെ തറ ഭാഗത്തേക്ക് ഇരച്ചുകയറിയാണ് നാശമുണ്ടാക്കിയത്. വേലിയേറ്റ സമയത്ത് ഈ ഭാഗങ്ങളിൽ തിരമാലകൾ കരയിലേക്ക് 50 മീറ്റർ ദൂരത്തോളം കയറുന്നുണ്ട്. കടൽക്ഷോഭത്തോടൊപ്പം ശക്തമായ കാറ്റും തീരമേഖലയിൽ നാശം വിതക്കുന്നുണ്ട്. കാറ്റിൽ ഉസ്ന മൻസിൽ നജ്മയുടെ വീടിന് നാശനഷ്ടമുണ്ടായി. ഓടിട്ട വീടിന്റെ പിൻഭാഗം തകർന്നുവീണു.
അമാൻസ് വളപ്പിൽ സുരേന്ദ്രന്റെ വീടിനു മുകളിൽ തെങ്ങ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. കോൺക്രീറ്റ് വീടിന്റെ പിൻഭാഗം തകർന്നു. തെരുവിൻ കീഴിൽ നാസറിന്റെ വീടിന് വിള്ളലുണ്ടായി. സാൻഡ് ബാങ്ക്സിനോടു ചേർന്ന് നിരവധി വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറി. പുറങ്കരയിലും സാൻഡ് ബാങ്ക്സിലും കടൽഭിത്തി തകർന്ന ഭാഗങ്ങളിലൂടെയാണ് കടൽ ഇരച്ചുകയറുന്നത്.
ഈ ഭാഗങ്ങളിൽ കടലെടുത്ത കടൽഭിത്തികൾ പുനർനിർമിക്കണമെന്ന് വീട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടികളുണ്ടാവുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.