അപകടകരമായ ഓട്ടം അറിയിക്കാൻ ബസിന്റെ പിന്നിൽ വടകര ആർ.ടി.ഒ പതിച്ച സ്റ്റിക്കർ
വടകര: സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തെത്തുടർന്ന് അപകടങ്ങൾ പതിവാകുന്നതിനാൽ നിയന്ത്രണം വേണമെന്ന് ആവശ്യം ശക്തമാകുന്നു. കോഴിക്കോട്-കണ്ണൂർ റൂട്ടിലാണ് യാത്രക്കാരുടെ ജീവന് യാതൊരു വിലയുമില്ലാതെ സ്വകാര്യ ബസുകൾ മത്സരയോട്ടം നടത്തുന്നത്.
ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ അടുത്ത കാലത്തായി ഉണ്ടാക്കിയത്. റോഡുകളിലൂടെ ചെറുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. മത്സര ഓട്ടത്തിനിടയിൽ ബസ് സ്റ്റോപ്പുകളിൽനിന്നും ബസുകളിൽ കയറാനും ഇറങ്ങാനും തെല്ലൊന്ന് വൈകിയാൽ ജീവൻ പോകുന്ന സ്ഥിതിയാണ്.
റൂട്ടിൽ നന്തി മേൽപാലത്തിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസുകൾ നേർക്കുനേർ ഇടിക്കുന്ന സാഹചര്യവുമുണ്ടായി. 50 ഓളം യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പുറത്തുവന്ന സി.സി ടി.വി ദൃശ്യങ്ങളിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് വ്യക്തമാണ്.
ചെറിയ അപകടങ്ങൾ സംഭവിച്ചാൽ സ്വകാര്യ ബസുകൾ തിരിഞ്ഞ് നോക്കാത്ത അവസ്ഥയുമുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്. ചെറിയ അപകടങ്ങൾ സംഭവിക്കുമ്പോൾ മാനെജർമാരെത്തി പൊലീസ് സ്റ്റേഷനിൽ പണം നൽകി കേസൊതുക്കുകയാണ് പതിവെന്നും ഇതിന് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടെന്നും ആക്ഷേപമുണ്ട്.
ചില സ്വകാര്യ ബസുകളുടെ പിറകിൽ അപകടകരമായ യാത്ര സംബന്ധിച്ച് വിവരം നൽകാൻ മോട്ടോർ വാഹന വകുപ്പ് സ്റ്റിക്കർ പതിച്ചിട്ടുണ്ട്. മുഴുവൻ ബസുകളിൽ ഇത് നടപ്പിലാക്കണമെന്ന ആവശ്യം യാത്രക്കാർ ഉയരുന്നുണ്ട്.
ദേശീയപാതയിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ സമയക്രമം പാലിക്കാൻ എന്ത് ചെയ്യണമെന്ന ചോദ്യമാണ് ഡ്രൈവർമാർ ഉയർത്തുന്നത്. സമയക്രമത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുത്തുകയാണോ വേണ്ടതെന്ന മറു ചോദ്യവും ഉയരുന്നുണ്ട്.
ദേശീയപാതയിലെ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കുകയും നിയന്ത്രണം ശക്തമാക്കുകയും ചെയ്താൽ ഒരു പരിധിവരെ അപകടം തടയാൻ കഴിയുമെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.