മുക്കാളി സർവിസ് റോഡിലെ കുഴിയിൽ കുടുങ്ങിയ സ്കൂട്ടർ
വടകര: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായ ദേശീയപാതയിൽ കുഴി നികത്തൽ വഴിപാടാവുന്നു. കുഴി നികത്തി മണിക്കൂറുകൾക്കകം റോഡിൽ 'വാരിക്കുഴികൾ' നിറയുകയാണ്. ക്വാറി അവശിഷ്ടങ്ങൾ കൊണ്ടാണ് കരാർ കമ്പനി ദേശീയ പാതയിലെ കുഴികൾ നികത്തുന്നത്. നികത്തിയ കുഴികൾക്ക് മുകളിലൂടെ നൂറു കണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതിനാൽ നികത്തിയ കുഴിയുടെ ആയുസ്സ് മണിക്കൂറിലൊതുങ്ങുകയാണ്. കുഴികൾ നികത്തിയ മെറ്റലും ക്വാറി അവശിഷ്ടങ്ങളും റോഡിൽ പരക്കുന്നത് ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിൽപ്പെടാനുമിടയാക്കുന്നു.
ദേശീയപാതയിൽ കുഴികളില്ലാത്ത ഭാഗങ്ങൾ വിരളമാണ്. വടകര പുതിയ സ്റ്റാൻഡ് മുതൽ കൈനാട്ടി വരെയുള്ള കിലോമീറ്ററുകൾ ദൂരത്തിലാണ് അങ്ങിങ്ങായി കുഴികൾ രൂപപ്പെട്ടത്. പ്രതിഷേധം ശക്തമാവുമ്പോൾ മണ്ണു മാന്തിയെത്തി ക്വാറി മാലിന്യം കുഴിയിൽ തള്ളുന്ന സ്ഥിതിയാണുള്ളത്. ദേശീയ പാതയിലെ സർവിസ് റോഡ് പലപ്പോഴും മരണക്കെണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പൊലിഞ്ഞത് മൂന്ന് ജീവനുകളാണ്.
കുഞ്ഞിപ്പള്ളി ടൗണിലെ വ്യാപാരി വിനയൻ, ഓട്ടോ ഡ്രൈവർ മാഹിയിലെ സി.കെ. റഫീക്ക്, ഏറ്റവും ഒടുവിൽ മുക്കാളി കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തുനിന്നും ചോമ്പാൽ താഴെ തോട്ടത്തിൽ നാണു എന്നിവരാണ് സർവിസ് റോഡിലെ കുഴിയിൽ വീണ് ദാരുണമായി മരിച്ചത്. പല തവണ പ്രശ്നത്തിന്റെ ഗൗരവം ജനപ്രതിനിധികൾ ദേശീയപാത അതോറിറ്റിയെ അറിയിച്ചെങ്കിലും ഫലം നിരാശ മാത്രമാണ്. കരാർ കമ്പനി നടത്തുന്ന അറ്റകുറ്റ പണി പ്രഹസനം മാത്രമായി മാറുന്ന കാഴ്ചയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.