ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ സർവിസ് റോഡ് തകർന്ന നിലയിൽ
വടകര: ദേശീയപാതയിൽ അഴിയൂർ മുതൽ വടകര വരെയുള്ള സർവിസ് റോഡുകൾ മരണക്കുരുക്കാവുന്നു. ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത് സർവിസ് റോഡ് വഴിയാണ്. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള സർവിസ് റോഡിൽ തകരാത്ത ഭാഗങ്ങൾ വിരളമാണ്. പലയിടത്തും വൻ കുഴികൾ രൂപപ്പെട്ട് കാലവർഷത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകടം പതിയിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ സർവിസ് റോഡിലെ കുഴിയിൽ വീണാണ് മാഹിയിലെ ഓട്ടോറിക്ഷ ഡ്രൈവർ റഫീഖ് മരിച്ചത്. അപകടം നടന്ന ഭാഗത്തെ കുഴിയിൽ വീണ് ബൈക്ക് യാത്രികരായ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂക്കര, മുക്കാളി, കുഞ്ഞിപ്പള്ളി അടിപ്പാത എന്നിവിടങ്ങളിലെ സർവിസ് റോഡ് തകർന്നതിനാൽ അപകടം വരുത്തുന്നുണ്ട്. സർവിസ് റോഡും ഡ്രെയിനേജും തമ്മിലുള്ള ഉയരവ്യത്യാസം മൂലം ചോമ്പാല എ.ഇ.ഒ. ഓഫിസിനു സമീപം വാഹനാപകടം നിത്യ സംഭവമാണ്.
ഡ്രെയിനേജ് ഉൾപ്പെടെ ഏഴര മീറ്റർ വീതിയിലുള്ള സർവിസ് റോഡാണ് വിഭാവനം ചെയ്യുന്നത്. റോഡിന് പലയിടത്തും വീതി കുറവാണ്. ഡ്രെയിനേജുകളുടെ സ്ലാബ് തകർന്നുകിടക്കുന്നത് മറ്റൊരു അപകടക്കുരുക്കാണ്. അപകട പരമ്പര ചൂണ്ടിക്കാണിച്ചിട്ടും സർവിസ് റോഡിൽ അറ്റകുറ്റപ്പണിപോലും നടത്താൻ കരാർ കമ്പനി തയാറാവുന്നില്ലെന്ന് പരാതിയുണ്ട്. സർവിസ് റോഡിലെ കുഴിയിൽ വീണ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കുഴി നികത്താൻ തയാറാവാത്ത കരാർ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.