ചിരണ്ടത്തൂർ ചിറയിൽ രോഗം ബാധിച്ച് നശിച്ച നെൽകൃഷി
വടകര: കടത്തനാടൻ നെല്ലറയായ ചിരണ്ടത്തൂർ ചിറയിൽ 300 ഏക്കറിൽ നെൽകൃഷിക്ക് രോഗം ബാധിച്ചു. വിദഗ്ധ സംഘം കൃഷിയിടം സന്ദർശിച്ചു. കതിരണിഞ്ഞ പാടം രോഗം ബാധിച്ച് ഉണങ്ങിക്കരിഞ്ഞത് ഹൃദയഭേദക കാഴ്ചയാണ്. ബ്ലാസ്റ്റ് രോഗമാണ് നെൽകൃഷിയെ ബാധിച്ചത്. പുൽവർഗങ്ങളെ ബാധിക്കുന്ന ഫംഗസ് രോഗം കൃഷിയിടത്തിൽ വ്യാപകമായി പടർന്ന് പിടിച്ചിട്ടുണ്ട്. ഇലകളിൽ പൊള്ളിയ പാട് പോലെ പ്രത്യക്ഷപ്പെടുകയും പിന്നീട് പടരുകയും നെൽക്കതിരുകളെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഇത്തവണ കർഷകർക്ക് നല്ല വിളവ് ലഭിക്കുന്ന രീതിയിൽ കതിരുകൾ വിളഞ്ഞിരുന്നു. പൊടുന്നനെയാണ് പാടത്തെ വിഴുങ്ങി രോഗം പ്രത്യക്ഷപ്പെട്ടത്. മരുന്ന് തളിച്ചിട്ടും ഫലപ്രദമല്ലാതെ പോകുകയുണ്ടായി. ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് തളിക്ക് കൃഷി വകുപ്പിന്റെ വിലക്കുള്ളതിനാൽ നടന്നിരുന്നില്ല. അഞ്ച് പാടശേഖരങ്ങളിലായാണ് ഇത്തവണ കൃഷിയിറക്കിയത്. ഉപ്പ് വെള്ളത്തിന്റെ ഭീഷണി പലപ്പോഴും കർഷകർക്ക് ഭീഷണിയായിരുന്നു. ഇതിനെ മറികടന്ന് കൃഷിയിറക്കി വിള കൊയ്യാൻ കർഷകർ കാത്ത് നിൽക്കുന്നതിനിടെയാണ് രോഗബാധ.
കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫിസിൽ നിന്നുള്ള വിദഗ് ധരാണ് നെൽപ്പാടം സന്ദർശിച്ചത്. ഡെ. ഡയറക്ടർ അജി അലക്സ്, ആത്മ പ്രോജക്ട് ഡയറക്ടർ രജനി മുരളീധരൻ, നോഡൽ ഓഫിസർ സുലൈഖബി, തോടന്നൂർ കൃഷി അസി. ഡയറക്ടർ വി.കെ. സിന്ധു, കൃഷി ഓഫിസർമാരായ മണിയൂർ എസ്. ശ്രീലക്ഷ്മി, തിരുവള്ളൂർ പി. അഞ്ജലി, വില്യാപ്പള്ളി എസ്.ആർ. സാന്ദ്ര തുടങ്ങിയവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
ചിരണ്ടത്തൂർ ചിറയിൽ രോഗം ബാധിച്ച് നെൽ കൃഷി നശിച്ച കർഷകർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി. രോഗം പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉമ ഇനത്തിൽപെടുന്ന വിത്താണ് പ്രധാനമായും ചിരണ്ടത്തൂർ ചിറയിൽ കൃഷിക്ക് ഉപയോഗിച്ചത്. വിളവ് കൂടുതലായി ലഭിക്കുന്നതിനാലാണ് ഉമ വിത്ത് കർഷകർ പ്രധാനമായും ഉപയോഗിക്കുന്നത്. വിത്ത് വഴിയാണ് രോഗബാധ കൃഷിയിടത്തിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ചിരണ്ടത്തൂർ ചിറയിൽ നെൽകൃഷിക്ക് രോഗം ബാധിച്ച പാടശേഖരങ്ങൾ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിക്കുന്നു
കേരള കാർഷിക സർവകലാശാല, കേന്ദ്ര സീഡ് കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നാണ് കർഷകർ വിത്തുകൾ വാങ്ങിയത്. വിത്ത് മാറ്റി കൃഷി ചെയ്യാൻ അധികൃതർ കർഷകർക്ക് നിർദേശം നൽകി. പൗർണമി വിത്തുപയോഗിച്ചും കർഷകർ കൃഷിയിറക്കിയിട്ടുണ്ട്. രണ്ട് കൃഷിയിടങ്ങളിലും ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. ഇവിടെ രോഗബാധ മാറ്റിടങ്ങളിൽ നിന്നും വ്യത്യസ്ഥമായി താരതമ്യേന കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.