ദേശീയപാതയിൽ അരവിന്ദ് ഘോഷ് റോഡിൽ സംരക്ഷണ ഭിത്തി തകർന്ന നിലയിൽ
വടകര: ദേശീയപാതയിൽ അരവിന്ദ് ഘോഷ് റോഡിൽ കനത്തമഴയിൽ സംരക്ഷണ ഭിത്തി തകർന്നു. സർവിസ് റോഡിനോട് ചേർന്ന ഭാഗത്തെ സോയിൽ നെയിലിങ് ഭിത്തിയാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംരക്ഷണ ഭിത്തി തകർന്നതോടെ ഇതിനോട് ചേർന്നുനിൽക്കുന്ന കിഴക്കേ വെന്തുരുത്തിയിൽ ബാബുവിന്റെ വീട് അപകട ഭീഷണിയിലായി.
2001ൽ ഇവിടെ സോയിൽ നെയിലിങ് പ്രവൃത്തി നടത്തിയ ഭാഗം തകർന്നിരുന്നു. തുടർന്ന് കല്ലും കമ്പികളും മറ്റും ഉപയോഗിച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമിക്കുകയായിരുന്നു. ഈ ഭാഗത്തെ മണ്ണാണ് ഇടിഞ്ഞുതാഴ്ന്നത്. വീടിന്റെ മുറ്റത്തോട് ചേർന്ന് നിൽക്കുന്ന ഭാഗം വരെ ഇടിഞ്ഞ് താഴ്ന്നിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഭാഗം ഇടിഞ്ഞുവീഴുമോയെന്ന ആശങ്കയിലാണ് ബാബുവിന്റെ കുടുംബം. ബാബുവും ഭാര്യയും വിദ്യാർഥിനിയായ മകളും അടങ്ങുന്ന കുടുംബം ഭയത്തോടെയാണ് ഇവിടെ കഴിയുന്നത്.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ മണ്ണിടിച്ചിലുണ്ടായ സമയത്ത് വാഹനങ്ങളില്ലാത്തതിനാൽ അപകടം ഒഴിവായി. അഴിയൂർ-വെങ്ങളം റീച്ചിലെ പാലോളിപ്പാലം മുതൽ മൂരാടുവരെയുള്ള 2.1 കിലോമീറ്റർ റോഡും മൂരാട്, പാലോളിപ്പാലം എന്നിവിടങ്ങളിലെ പാലങ്ങളുടെ നിർമാണവും പ്രത്യേക ടെൻഡറായി നൽകിയതിനാൽ ഹരിയാനയിലെ ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് പൂർത്തിയാക്കിയത്. മൂരാട് പാലത്തിനോട് ചേർന്ന ഭാഗങ്ങൾ കഴിഞ്ഞ കാലവർഷത്തിൽ തകർന്നെങ്കിലും പുനർ നിർമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.