വാണിമേലിൽ നടന്ന സർവകക്ഷി യോഗം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
നാദാപുരം: വിലങ്ങാട്-വയനാട് ചുരമില്ലാ റോഡിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഇ.കെ. വിജയൻ എം.എൽ.എയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. ചുരമില്ലാ ബദൽ റോഡിന്റെ ഡിജിറ്റൽ സർവേ നടത്താൻ യോഗം തീരുമാനിച്ചു. നേരത്തെയുള്ള സപ്പോർട്ടിങ് ഗ്രൂപ്പിനൊപ്പം വാണിമേൽ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറുമാരെ കൂട്ടിച്ചേർത്തു സർവ്വേക്ക് ആവശ്യമായ പണം കണ്ടെത്തും.
മാനന്തവാടി എം.എൽ.എ, നാദാപുരം എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ ഇരു ജില്ലയിലെയും പ്രദേശവാസികളുടെ യോഗവും ചേരും. 1977ൽ അന്നത്തെ വന മന്ത്രിയായിരുന്ന കാഞ്ഞിരോട്ട് കുഞ്ഞമ്പുവിന്റെ കാലത്താണ് ചുരമില്ലാ റോഡിന്റെ പ്രാരംഭപ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇതുവരെയും പദ്ധതിക്കാവശ്യമായ അനുകൂല നീക്കം ഉണ്ടായിട്ടില്ല.
ആറു കിലോമീറ്റർ മാത്രം കാട്ടിലൂടെ സഞ്ചരിച്ചാൽ ചുരങ്ങൾ ഒഴിവാക്കി വയനാട്ടിൽ എത്താമെന്നതാണ് റോഡിന്റെ ഏറ്റവും വലിയ സവിശേഷത. പഴശ്ശിരാജയുടെ അനുയായികൾ സഞ്ചരിച്ച കാനനപാത ഇപ്പോഴും ഇതുവഴിയുണ്ട്. ബ്ലോക്ക് പ്രസിഡൻറ് കെ.പി. വനജ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് ബാബു കാട്രാളി, വാണിമേൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സെൽമ രാജു, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി കക്ഷികളുടെ പ്രതിനിധികൾ പൊതുജനങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.