കോഴിക്കോട്: അനിയന്ത്രിതമായ വിലക്കയറ്റത്തെ തുടർന്ന് കോഴിക്കടകൾ അടച്ചിട്ട് ജില്ലയിലെ ചിക്കൻ വ്യാപാരി സമിതി നടത്തിയ സമരം പിൻവലിച്ചു. ഫാമുടമകളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനാലാണ് സമരം പിൻവലിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ദിനംപ്രതിയെന്നോണം വർധിച്ചുകൊണ്ടിരുന്ന കോഴിവില ഇനി കൂടില്ലെന്നും തുടർദിവസങ്ങളിൽ ആനുപാതികമായി കുറച്ചുകൊണ്ടുവരുമെന്നും ഫാമുടകൾ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ സംസ്ഥാനവ്യാപകമായി ചിക്കൻ വ്യാപാരി സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരം വ്യാഴാഴ്ച കോഴിക്കോട് ഒഴികെയുള്ള ജില്ലകളിൽ നടക്കും.
ജില്ലയിൽ ബുധനാഴ്ച ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ കോഴിക്കടകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. 15, 16 ദിവസങ്ങളിൽ നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. മലപ്പുറത്ത് ഫാമുടമകളുമായി നടന്ന ചർച്ചയിൽ കെ.പി.എഫ്.എ പ്രതിനിധികൾ, വി.എച്ച്.എൽ പ്രതിനിധി രാമചന്ദ്രൻ, എൻ.പി.എം.എ ശ്രീനിവാസൻ, എം.ബി.എസ് മോഹൻദാസ് എന്നീ കമ്പനി പ്രതിനിധികളും ചിക്കൻ വ്യാപാരി സംസ്ഥാന ട്രഷറർ കെ.വി. റഷീദ്, ജില്ല സെക്രട്ടറി മുസ്തഫ കിണാശ്ശേരി, ഫിറോസ് പൊക്കുന്ന് എന്നിവരുമാണ് പങ്കെടുത്തത്. ബക്രീദ് മുന്നിൽകണ്ട് ചിക്കൻ പൂഴ്ത്തിവെക്കുന്നതിനാലാണ് വില വർധിക്കുന്നതെന്നായിരുന്നു ചിക്കൻ വ്യാപാരികളുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.