ദേവി
വട്ടോളി ബസാർ: സ്വന്തമായി വീടില്ലാത്തതിനാൽ നാലുവർഷമായി കൂട്ടുകാരി ഫാത്തിമയുടെ വീട്ടിൽ അന്തിയുറങ്ങുന്ന ഉണ്ണികുളം കപ്പുറം കൂർമൻ ചാലിൽ ദേവി വീണ്ടും വീടെന്ന ആവശ്യവുമായി ശനിയാഴ്ച ബാലുശ്ശേരിയിൽ നടക്കുന്ന നവകേരള സദസ്സിലേക്ക് പോകുകയാണ്.
വീടിനുവേണ്ടി വർഷങ്ങളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന 65 കഴിഞ്ഞ വിധവയായ പട്ടികജാതി വിഭാഗത്തിൽപെട്ട ദേവിയുടെ അപേക്ഷ തുടർച്ചയായി സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ നിരസിക്കുന്ന സാഹചര്യത്തിലാണ് അവസാന ശ്രമമെന്നനിലയിൽ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിച്ചത്.
ആറുമാസം മുമ്പ് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ താമരശ്ശേരിയിൽ നടന്ന മന്ത്രിതല പരാതി പരിഹാര അദാലത്തിലും നേരിട്ടെത്തി ദേവി പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നൽകിയ ഉറപ്പും ഉദ്യോഗസ്ഥർ നടപ്പാക്കിയില്ല.
മന്ത്രിയുടെ നിർദേശാനുസരണം നടന്ന ഇന്റേണൽ വിജിലൻസ് അന്വേഷണത്തിൽ ദേവിയുടെ അപേക്ഷ പരിഗണിക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് സ്വീകരിച്ച നടപടികളിൽ അപാകത സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതോടൊപ്പം ദേവി നിലവിൽ ഭവനരഹിതയായ, തികച്ചും അർഹയായ ഗുണഭോക്താവാണെന്ന് കണ്ടെത്തിയതായും അദാലത് പരാതി പ്രകാരം ഭവന നിർമാണത്തിന് ധനസഹായം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയൻറ് ഡയറക്ടറുടെ കാര്യാലയം കഴിഞ്ഞ ജൂൺ 23 ന് ബ്ലോക്ക് പഞ്ചായത്തിന് നിർദേശം നൽകിയിരുന്നു.
വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കമ്മിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ ധനസഹായം നൽകാനാകില്ലെന്ന സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടുകയാണ് ഇപ്പോൾ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ. കഴിഞ്ഞ ജൂലൈ 27 ന് ഇതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും നാല് മാസത്തിനിടെ പലതവണ യോഗം ചേർന്നെങ്കിലും ദേവിയുടെ ആവശ്യം പരിഗണനക്കുപോലും എടുത്തില്ല.
ഇത് സംബന്ധമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയും പരിഗണിക്കപ്പെട്ടില്ല. വർഷങ്ങളായുള്ള ആവശ്യം സഫലീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകാൻ നവകേരള സദസ്സിലേക്ക് പോകുന്നതെന്ന് ദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.