അപകടത്തിൽ പെട്ട ‘പ്രാഞ്ച് സേവ്യർ’ ബോട്ട്​

മുങ്ങുന്ന ബോട്ടിൽനിന്ന്​ ആറ്​ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

കോഴിക്കോട്​: കസബ പൊലീസ്​ ആ സന്ദേശം ശ്രദ്ധിച്ചതിനാൽ രക്ഷിക്കാനായത്​ ആറ്​ മത്സ്യത്തൊഴിലാളികളെ. 'പൊലീസ് കൺട്രോൾ റൂം പോലീസ് കൺട്രോൾ റൂം ഫിഷിങ്​ ബോട്ട് മുങ്ങിത്താഴുന്നു പ്ലീസ് ഹെൽപ്' എന്ന സന്ദേശം കസബ പൊലീസിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന​ സീനിയർ സി.പി.ഒ പവിത്രൻ വയർലസിൽ കേട്ടു.

ഇൗ സന്ദേശത്തിന്​ ആൻസർ നൽകിയ പവിത്രൻ പൊലീസ് കൺട്രോൾ റൂമിൽ കാര്യം അന്വേഷിച്ചു. എന്നാൽ, ഇൗ വിവരം കൺട്രോൾ റൂമിലെയോ മറ്റേതെങ്കിലും വയർലസ് സെറ്റിലോ ലഭ്യമായിട്ടില്ലെന്ന് മനസ്സിലാക്കിയ ഉടൻതന്നെ മറൈൻ എൻഫോഴ്​്​സ്​മെൻറിനെയും കോസ്​റ്റ്​ ഗാർഡിനെയും അറിയിക്കുകയായിരുന്നു.

അവരും പൊലീസ്​ അറിയിച്ചതിന്​ ശേഷമാണ്​ വിവരമറിഞ്ഞത്​. മറൈൻ എൻഫോഴ്​സ്​മെൻറ്​ ഉടൻ കടലിൽ മത്സ്യബന്ധനത്തിലുള്ള ബോട്ടുകൾക്ക്​ വിവരം കൈമാറി. തുടർന്നു നടന്ന തിരച്ചിലിലാണ്​ കടലിൽ താഴ്​ന്നുപോവുകയായിരുന്ന ബോട്ടിലെ ആറ്​ തൊഴിലാളികളെ രക്ഷിച്ചത്​.

ബേപ്പൂർ മേഖലയിലായിരുന്നു അപകടം. സമയോചിതമായ ഇടപെടൽ നടത്തിയ സീനിയർ സി.പി.ഒ പവിത്രന് ജില്ല പൊലീസ് മേധാവി റിവാർഡ് പ്രഖ്യാപിച്ചു. കോഴിക്കോട് സിറ്റി പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറാണ് പവിത്രൻ. ഭാര്യ ശാലിനി നടക്കാവ് പൊലീസ് സ്​റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസറാണ്. 

അപകടത്തിൽപെട്ടത്​ പലകയിളകി

ബേപ്പൂർ: മത്സ്യബന്ധനത്തിനിടെ ബോട്ട്​ കടലിൽ അപകടത്തിൽപെട്ടത്​ അടിപ്പലക ഇളകിയതിനെ തുടർന്ന്​. കടലുണ്ടിക്കുനേരെ പത്തു നോട്ടിക്കൽ മൈൽ അകലെയാണ്​ തോണിയുടെ അടിപ്പലക ശക്തമായ തിരയിൽപെട്ട് വെള്ളം കയറി അപകടാവസ്ഥയിലായത്. സേവ്യർ എന്നയാളുടെ ഉടമസ്ഥതയിലുള്ള 'പ്രാഞ്ച് സേവ്യർ' എന്ന തോണിയാണ് അപകടത്തിൽപെട്ടത്.

തോണി അപകടത്തിൽപെട്ട സ്ഥലം രക്ഷാബോട്ടിലെ ലൊക്കേഷൻ സംവിധാന ഉപകരണത്തിലൂടെ മനസ്സിലാക്കിയാണ് മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളം കയറി മുങ്ങുകയായിരുന്ന തോണിയിലെ തിരുവനന്തപുരം സ്വദേശികളായ സേവ്യർ (45), ക്രിസ്​റ്റഫർ (31), ജസ്​റ്റസ് (36), ഫ്രെഡി (38), പനിയടിമ (54), ശിൽവദാസ് (58) എന്നീ ആറ് മീൻപിടിത്ത തൊഴിലാളികളെയും സുരക്ഷിതമായി ബേപ്പൂർ ഹാർബറിൽ എത്തിച്ചു.

അപകടത്തിലായ തോണി കടലിലെ മറ്റു തോണിക്കാരുടെ സഹായത്തോടെ കെട്ടിവലിച്ച് ബേപ്പൂരിലെത്തിച്ചു. ബേപ്പൂർ ഫിഷറീസ് അസി. ഡയറക്ടർ ജുഗുനു, മറൈൻ എൻഫോഴ്സ്മെൻറ് എസ്.ഐ അനീശൻ എന്നിവരുടെ നിർദേശപ്രകാരം സീനിയർ സിവിൽ പൊലീസ് ഓഫിസർ പി. രൂപേഷ്, റസ്ക്യൂ ഗാർഡ് താജുദ്ദീൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.