കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എൻജിനീയർ എം. ദിലീപിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2013 മുതൽ 2023 വരെ കാലഘട്ടത്തിൽ ദിലീപ് തദ്ദേശ സ്വയംഭരണ വകുപ്പിൽ വിവിധ തസ്തികയിൽ ജോലി നോക്കിയ കാലയളവിൽ, 56,90,115 രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി, കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫിസിലും മൂന്ന് വീടുകളിലും റെയ്ഡ് നടത്തി. കോഴിക്കോട് നടക്കാവ് ചക്കോരത്തുകുളത്തെ ദിലീപിന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 4,63,920 രൂപയും, 27 പവൻ സ്വർണവും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച 78 രേഖകളും കണ്ടെടുത്തു.
വയനാട് ജില്ലയിലെ നെന്മേനിയിലുള്ള ദിലീപിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നടന്ന പരിശോധനയിൽ 1,60,000 രൂപയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച 40 രേഖകളും പിടിച്ചെടുത്തു. ഇതിൽ 17 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ വിവരങ്ങളും ഉൾപ്പെടും. ദിലീപിന്റെ നെന്മേനിയിൽ തന്നെയുള്ള ഹോം സ്റ്റേയിലും പരിശോധന നടന്നു.
കൊയിലാണ്ടി പി.ഡബ്ല്യു.ഡി ബിൽഡിങ് ഡിവിഷൻ അസി. എക്സി. എൻജിനീയർ ഓഫിസിലെ വിജിലൻസ് പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്
കോഴിക്കോട്: കൊയിലാണ്ടി പി.ഡബ്ല്യു.ഡി ബിൽഡിങ് ഡിവിഷനൽ അസി. എക്സി. എൻജിനീയർ ഓഫിസിലെ ക്ലർക്ക്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് കോൺട്രാക്ടർമാർക്ക് മാറി നൽകേണ്ട 14 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കും മകന്റെ അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പ് നടത്തിയതായി വിജിലൻസിന്റെ കണ്ടെത്തൽ.
കൊയിലാണ്ടി പി.ഡബ്ല്യു.ഡി ബിൽഡിങ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ ഓഫിസിൽ വെള്ളിയാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പിടികൂടിയത്. ഇതുസംബന്ധിച്ച് വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പരിശോധനയിൽ ഓഫിസിലെ ബിൽ സെക്ഷനിലെ ക്ലർക്ക്, കോൺട്രാക്ടർമാർക്ക് മാറി നൽകേണ്ട തുക അക്കൗണ്ട് മുഖേന ട്രാൻസ്ഫർ ചെയ്യുമ്പോൾ കോൺട്രാക്ടർമാരുടെ ബാങ്ക് അക്കൗണ്ട് നമ്പറിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പർ നൽകി 14 ലക്ഷം രൂപയും മകന്റെ അക്കൗണ്ടിലേക്ക് ഒരു ലക്ഷത്തിലധികം രൂപയും ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. ഈ ക്ലർക്ക് നടത്തിയ മറ്റ് അക്കൗണ്ട് ട്രാൻസ്ഫറുകളും വിജിലൻസ് പരിശോധിച്ച് വരുകയാണ്. വെള്ളിയാഴ്ച രാവിലെ 11ന് ആരംഭിച്ച മിന്നൽ പരിശോധന വൈകീട്ട് നാലിന് അവസാനിച്ചു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 ലോ 8592900900 എന്ന നമ്പറിലോ വാട്സ്ആപ് നമ്പറായ 9447789100 ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.