കോഴിക്കോട്: ഒരുവർഷത്തിനകം നഗരത്തിൽ അത്യാധുനിക ശുചിമുറികൾ ഒരുക്കുമെന്ന് കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും തൊഴിലാളികൾക്കും പരിഗണനകൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുക. 'ശങ്കതീരാത്ത കോഴിക്കോട്' എന്ന പേരിൽ മാധ്യമം പ്രസിദ്ധീകരിച്ച വാർത്താപരമ്പരയോട് പ്രതികരിക്കുകയായിരുന്നു മേയർ.
10 ശുചിമുറികളെങ്കിലും നഗരത്തിെൻറ വിവിധ ഭാഗങ്ങളിലായി ഒരുക്കാനാവും. അതിന് വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തനം തുടങ്ങി. നഗര ശുചിത്വവുമായി ബന്ധപ്പെട്ട് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത നൂറ് ശതമാനം ശരിയാണ്. മാധ്യമം അതിെൻറ ധർമമാണ് നിർവഹിച്ചതെന്നും നിലവിലെ അവസ്ഥ പുറത്തുെകാണ്ടുവന്നതിന് മാധ്യമത്തെ അഭിനന്ദിക്കുന്നതായും മേയർ പറഞ്ഞു.
മാധ്യമം കണ്ടെത്തിയ പരാതികൾ ഒരുവർഷം കഴിഞ്ഞ് ഇനിയാരും ഉന്നയിക്കാൻ ഇടവരില്ല. അത്രക്കും ഉൗറ്റത്തോടെയാണ് ഈ പ്രശ്നം പരിഹരിക്കാൻ കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഭരണപരിഷ്കാരവും ബൈലോയും ഇത്തരം പദ്ധതികൾക്കായി രൂപപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുകയാണ്. താൻ ആഗ്രഹിച്ച പദ്ധതിയാണ് നഗരത്തിൽ മികച്ച പൊതുശുചിമുറികൾ സ്ഥാപിക്കണമെന്നത്. പക്ഷേ, എന്തുകൊണ്ടോ നടപ്പിലാവാൻ വൈകി.
ആദ്യഘട്ടമെന്നനിലയിൽ മാനാഞ്ചിറ സ്േപാർട്സ് കോംപ്ലക്സിനോട് ചേർന്ന് ആധുനിക ശുചിമുറി സ്ഥാപിക്കും. റോട്ടറി ക്ലബിെൻറ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അതൊരു മാതൃകാശുചിമുറിയായിരിക്കും. നൂറ് കോടിയുടെ പദ്ധതിയാണ് കോർപറേഷൻ സർക്കാറിന് സമർപ്പിച്ചത്. ഇതിൽ 52 കോടിയാണ് കിട്ടിയത്. ഫണ്ടിെൻറ ലഭ്യതക്കുറവിെൻറ പേരിൽ ഇനി ഇത്തരം പദ്ധതി വൈകാൻ ഇടയാവില്ല. സന്നദ്ധ സംഘടനകളെയും വ്യാപാരികളെയും സഹകരിപ്പിച്ച് ഈ സൗകര്യങ്ങൾ കൊണ്ടുവരും. അതിെൻറ തുടക്കമാണ് മാനാഞ്ചിറയിൽ സ്ഥാപിക്കുന്ന ശുചിമുറി.
സ്ഥലം കാണിച്ചാൽ നിർമിച്ചുതരാമെന്ന വ്യാപാരികളുടെ നിർദേശം ന്യായമാണ്. കോർപറേഷെൻറ അധീനതയിലല്ലാത്ത ഭൂമിയും അതിന് ലഭ്യമാക്കാൻ മുൻകൈയെടുക്കും. മുൻകാലങ്ങളെ അപേക്ഷിച്ച് കോഴിക്കോടിന് സർക്കാറിൽ വലിയ പരിഗണന കിട്ടിയ കാലമാണ്. മൂന്ന് മന്ത്രിമാരുള്ള നഗരം. ഇൗ അനുകൂല സാഹചര്യത്തിൽ നഗരത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാനാവും.
ഉദ്യോഗസ്ഥർ പദ്ധതികൾ നടപ്പിലാക്കുന്നരീതി മാറ്റി ജനപ്രതിനിധികൾ കൂടി ചേർന്ന് അതിെൻറ മേൽനോട്ടവും നടത്തിപ്പും നിർവഹിക്കുന്ന രീതി െകാണ്ടുവരും. ജനങ്ങളുടെ ശുചിത്വ സംസ്കാരത്തിൽതന്നെ മാറ്റം െകാണ്ടുവരുന്നതാണ് കഴിഞ്ഞ മാസം നടത്തിയ 'ഹൈജിയ 21' സെമിനാർ. അതിൽ ഉരുത്തിരിഞ്ഞ ആശയങ്ങളിൽ ഇത്തരം അടിസ്ഥാന സൗകര്യവും ഉൾപ്പെടും. ഖരമാലിന്യ സംസ്കരണത്തിനുള്ള കേന്ദ്രഫണ്ട് കോർപറേഷന് ലഭിക്കാനുണ്ട്. ആ ഫണ്ട് ഇത്തരം പദ്ധതികൾക്കും ചെലവഴിക്കാനാവും. ഞെളിയൻപറമ്പ് മാലിന്യസംസ്കരണ പദ്ധതി യാഥാർഥ്യമാവുന്നതോടെ നഗരത്തിലെ മാലിന്യനീക്കം കൂടുതൽ കാര്യക്ഷമമാവും. പൊതുജനങ്ങൾക്ക് മാലിന്യം നിക്ഷേപിക്കാനുള്ള മാലിന്യക്കുട്ടകൾ ഇതിെൻറ ഭാഗമായി പുനഃസ്ഥാപിക്കും.
കോഴിേക്കാട്ടെ ജനങ്ങളുടെ സഹകരണം ഇത്തരം നല്ല പദ്ധതികൾക്ക് കിട്ടുമെന്നുറപ്പുണ്ട്. സാമൂഹികപ്രതിബദ്ധയുള്ള ജനതയാണിവിടത്തേതെന്നും മേയർ ബീന ഫിലിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.