എൻ.ഐ.ടി - പുത്തൂർ റോഡിൽ അമ്പലക്കണ്ടിയിൽ
രൂപപ്പെട്ട ഗർത്തം
ഓമശ്ശേരി: നിരവധി വാഹനങ്ങൾ കടന്നുപോകുന്ന എൻ.ഐ.ടി - പുത്തൂർ റോഡിലെ അമ്പലക്കണ്ടിക്കും നാഗാളികാവിനുമിടയിലുള്ള കുമ്പളോട്ട് നടയിൽ കലുങ്കിനോട് ചേർന്ന് വീണ്ടും രൂപപ്പെട്ട വലിയ ഗർത്തം അപകടഭീഷണിയാവുന്നു. അപകടം സംഭവിക്കാതിരിക്കാൻ നാട്ടുകാർ കുഴിയിൽ ഓലയും മറ്റും വെച്ചിരിക്കുകയാണ്. മുമ്പും ഇവിടെ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. പരാതി ലഭിച്ചാൽ അധികൃതർ താൽക്കാലികമായി അടക്കുകയാണ് പതിവ്.
ഗ്രാമീണമേഖലയിലെ പ്രധാനപ്പെട്ട റോഡാണിത്. റോഡിന്റെ പുനരുദ്ധാരണം വൈകുന്നതുമൂലം പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം തന്നെ ദുഷ്കരമായിടുണ്ട്.നിലവിൽ ഈ റോഡ് കെ.ആർ.എഫ്.ബിയുടെ അധീനതയിലാണുള്ളത്. എൻ.ഐ.ടി മുതൽ കൂടത്തായിവരെ കിഫ്ബിയിലുൾപ്പെടുത്തി 60.79 കോടി രൂപ ചെലവഴിച്ച് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സർക്കാറിൽനിന്നും ഭരണാനുമതിയും സാമ്പത്തികാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.
2017ലാണ് ഭരണാനുമതി ലഭിച്ചത്. 2019ൽ സാമ്പത്തികാനുമതിയും.11.2 കി.മീ. ദൈർഘ്യമുള്ള റോഡിന്റെ പുനരുദ്ധാരണത്തിനുള്ള കരാർ ലഭിച്ചത് യു.എൽ.സി.സി.എസ് കമ്പനിക്കാണ്. എന്നാൽ, സാങ്കേതികക്കുരുക്ക് പറഞ്ഞ് പ്രവൃത്തി തുടങ്ങാൻ വൈകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വാർഡ് മെംബർ യൂനുസ് അമ്പലക്കണ്ടി കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് കോഴിക്കോട്, വയനാട് ഡിവിഷൻ മാനേജ്മെന്റ് യൂനിറ്റ് എക്സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി നൽകി. പ്രശ്നത്തിന് ഉടനെ പരിഹാരമുണ്ടാക്കുമെന്ന് കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.