മെഡിക്കൽ കോളജ് ആശുപത്രിയിൽ വരാന്തയിൽ കിടക്കുന്ന രോഗികൾ
കോഴിക്കോട്: ഡെങ്കി, പകർച്ചപ്പനി, എലിപ്പനി അടക്കമുള്ള രോഗികളുടെ എണ്ണം വർധിച്ചതോടെ വരാന്തയും നിറഞ്ഞുകവിഞ്ഞ് രോഗികൾ. വരാന്തയിൽപോലും പായ് വിരിച്ച് കിടക്കാൻ ഇടംകിട്ടാതെ രോഗികളും കൂട്ടിരിപ്പുകാരും നട്ടംതിരിയുന്ന അവസ്ഥയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ.
31 പേരെ മാത്രം കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള മെഡിസിൻ വാർഡിലേക്ക് ചൊവ്വാഴ്ച പുതിയ അഡ്മിറ്റ് രോഗികൾ കൂടി എത്തിയതോടെ രോഗികളുടെ എണ്ണം 91 ആയി. ഇതോടെ വരാന്തയിൽ പായ് വിരിച്ച് കിടക്കാൻപോലും സ്ഥലം ലഭിക്കാതെ പ്രയാസപ്പെടുകയാണ് രോഗികൾ. മെഡിസിൻ വിഭാഗത്തിൽ 35 വെന്റിലേറ്ററുകൾ ഉണ്ടെങ്കിലും ഇത് എപ്പോഴും നിറഞ്ഞിരിക്കും. ഒ.പിയിൽനിന്നും കാഷ്വാലിറ്റിയിൽനിന്നും രോഗികൾ വാർഡുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
രണ്ട് ഇരിട്ടിയിലധികം രോഗികളാണ് കട്ടിൽ കിട്ടാതെ വിവിധ വാർഡുകളിൽ നിലത്തുകിടക്കുന്നത്. ഡെങ്കി, ഹെപ്പറ്റൈറ്റിസ്, എലിപ്പനി തുടങ്ങിയ രോഗികളും ഇക്കൂട്ടത്തിലുണ്ട്. കൂടുതലായി എത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഡോക്ടർമാരും പറയുന്നു. കട്ടിലില്ലാതെ നിലത്ത് പായ് വിരിച്ച് കിടക്കുന്നത് കാരണം രോഗികൾക്ക് ഡ്രിപ് കയറ്റുന്നതിനും മറ്റും പ്രയാസം നേരിടുന്നു.
രോഗികൾ ക്രമാതീതമായി വർധിക്കുന്നത് ഡോക്ടർമാർക്കും നഴ്സുമാർക്കും ജോലിഭാരം വർധിപ്പിക്കുന്നു. ഇതുകാരണം കൂടുതൽ പരിചരണം ആവശ്യമുള്ള, ഗുരുതര അസുഖമുള്ള രോഗികൾക്ക് വേണ്ടത്ര പരിചരണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഡോക്ടർമാരും നഴ്സുമാരും. നഴ്സുമാരുടെ ക്ഷാമവും പ്രതിസന്ധിക്കിടയാക്കുന്നു. മിക്ക വാർഡുകളിലും ഒരു ഷിഫ്റ്റിൽ ഒരു സ്റ്റാഫ് നഴ്സ് മാത്രമേ ഉണ്ടാവുകയുള്ളു. ഗുരുതര അസുഖങ്ങൾ ഉള്ളവരും ശസ്ത്രക്രിയ കാത്തിരിക്കുന്നവരും വരെ വരാന്തയിൽ കിടക്കുന്നുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് മാനദണ്ഡങ്ങളില്ലാതെ രോഗികളെ റഫർ ചെയ്യുന്നത് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. വിദഗ്ധചികിത്സ ആവശ്യമുള്ളവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ടതെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് എല്ലാതരം രോഗികളെയും മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്ന പ്രവണതാണ് നിലനിൽക്കുന്നത്.
ഇത്തരത്തിൽ എത്തുന്ന രോഗികളെ റഫറൽ സംവിധാനം കാര്യക്ഷമമാക്കി നിയന്ത്രിച്ചാൽ തിരക്ക് കുറക്കാൻ കഴിയുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതിന് നോഡൽ ഓഫിസർമാരെ നിയമിക്കുകയും അവരുടെ മേൽനോട്ടത്തിൽ രോഗികളെ റഫർ ചെയ്യുകയും ചെയ്യുന്നരീതിയിലേക്ക് മാറണമെന്നും മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ ആവശ്യപ്പെടുന്നു. ദിനംപ്രതി ഒ.പിയിൽ എത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.
തിങ്കളാഴ്ച 500ലധികം പേരാണ് മെഡിസിൻ ഒ.പിയിൽ ചികിത്സക്ക് എത്തിയത്. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽനിന്ന് ചികിത്സച്ചെലവ് താങ്ങാൻ കഴിയാതെ വരുന്ന രോഗികൾ വേഗത്തിൽ അഡ്മിറ്റ് എടുക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.