കോഴിക്കോട്: ബദൽ സംവിധാനമൊരുക്കാതെ അപകടസാധ്യത മുൻനിർത്തി രാമനാട്ടുകര-വെങ്ങളം ദേശീയപാതയിലെ തൊണ്ടയാടിന് സമീപത്തെ പനാത്തുതാഴം- സി.ഡബ്ല്യു.ആർ.ഡിഎം ക്രോസിങ് അടച്ച സംഭവത്തിൽ കോർപറേഷനെതിരെ ജനവികാരം ഉയരുന്നു. പദ്ധതി രേഖ തയാറാക്കുമ്പോൾ കോർപറേഷനും സംസ്ഥാന സർക്കാറും കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ കാണിച്ച അനാസ്ഥയാണ് ഇത്തരം ഒരവസ്ഥക്ക് കാരണമെന്നാണ് എം.കെ. രാഘവൻ എം.പി ആരോപിക്കുന്നത്.
15 മീറ്റർ വീതിയുള്ള സി.ഡബ്ല്യു.ആർ.ഡി.എം-പനാത്തുതാഴം റോഡിന് അഞ്ചു മീറ്റർ വീതി മാത്രമാണ് ഉള്ളതെന്നാണ് എൻ.എച്ച്.എ.ഐക്ക് ലഭിച്ച സ്കെച്ചിൽ ഉള്ളതത്രെ. ഇതോടെയാണ് മേൽപാലമോ അടിപ്പാതയോ ലഭിക്കാനുള്ള സാധ്യത അടഞ്ഞത്. സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് രണ്ടിന്റെ ഭാഗമായതിനാൽ ഈ ഭാഗത്ത് മേൽപാലമോ അടിപ്പാതയോ ഇല്ലാത്തതിനാൽ പ്രോജക്ട് ലക്ഷ്യം പൂർത്തീകരിക്കാനും കഴിയില്ല. ക്രിസ്ത്യൻ കോളജ് ഭാഗത്തു നിന്നാരംഭിച്ച് സരോവരം വഴി സി.ഡബ്ല്യു.ആർ.ഡി.എം വരെയാണ് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് -രണ്ട് ഉള്ളത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള റോഡായതിനാൽ ദേശീയപാതയുടെ അനുമതിയോടെ ഇനി സംസ്ഥാന സർക്കാറാണ് മേൽപാലം പണിയേണ്ടതെന്നാണ് എൻ.എച്ച്.എ.ഐ പറയുന്നത്.
കഴിഞ്ഞ മാസം ആദ്യം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധപ്രകടനം നടത്തിയിട്ടും അധികൃതർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ചേവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാപ്പറമ്പ് പ്രോവിഡൻസ് കോളജ് റോഡിലുള്ള എൻ.എച്ച്.എ.ഐ ഓഫിസിനു മുന്നിൽ തിങ്കളാഴ്ച ഉപരോധം നടത്തും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് നേതാജി ജങ്ഷനിൽ ദേശീയപാതയുടെ ഇരുഭാഗത്തും കോൺക്രീറ്റ് തൂണുകൾ നിരത്തി അടച്ചത്. ഇതോടെ കുന്ദമംഗലം ഭാഗത്തുനിന്ന് വരുന്ന വാഹനം നേതാജി ജങ്ഷനിൽനിന്ന് സർവിസ് റോഡിലൂടെ ഇടതുഭാഗത്തേക്കു തിരിഞ്ഞ് തൊണ്ടയാട് മേൽപാലത്തിനടിയിലൂടെ യു ടേൺ എടുത്ത് മറുവശത്തെത്തി സർവിസ് റോഡിലൂടെ കടന്നുപോവണം. കോട്ടൂളി പനാത്തുതാഴം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാച്ചാക്കിൽ ജങ്ഷനിലൂടെ ദേശീയപാത മുറിച്ചുകടക്കാനുള്ള താൽക്കാലികാനുമതി നൽകിയിരിക്കുകയാണ്. ബ്ലിങ്കർ ലൈറ്റ് ഉൾപ്പെടെ സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും അപകടസാധ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.