P3 PACKAGE സി.പി.എം-പൊലീസ്​ തേർവാഴ്​ചയെന്ന്​ കോൺഗ്രസ്

​ കോഴിക്കോട്: ജില്ലയിൽ കോൺഗ്രസ് പ്രവർത്തകർക്കുനേരെയും കോൺഗ്രസ് പാർട്ടി ഓഫിസുകൾക്കുനേരെയും സി.പി.എം തേർവാഴ്ച നടത്തുകയാണെന്ന്​ കോൺഗ്രസ്​. നിരവധി ഓഫിസുകൾക്കുനേരെയാണ് സി.പി.എം അക്രമം നടത്തിയിരിക്കുന്നതെന്ന്​ ഡി.സി.സി പ്രസിഡന്റ്​ കെ. പ്രവീൺ കുമാർ പ്രസ്താവനയിൽ ആരോപിച്ചു. പേരാമ്പ്രയിലെ കോൺഗ്രസ് ഓഫിസ്​ ബോംബെറിഞ്ഞും കുന്നുമ്മക്കരയിലെ ഓഫിസ്​ തീവെച്ചും നശിപ്പിച്ചു. നൊച്ചാട് കോൺഗ്രസ്​ ഓഫിസ്​ കല്ലെറിഞ്ഞുതകർത്തു. പുതിയങ്ങാടിയിലെയും തുറയൂരിലെയും കോൺഗ്രസ് ഓഫിസുകൾ അടിച്ചുതകർത്തു. നിരവധിയായ സ്​തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചു. വിലങ്ങാട് കോൺഗ്രസ് സ്​തൂപം പൂർണമായും തകർത്തു. ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിനുനേരെയും ആക്രമണം നടന്നു. പ്രവർത്തകർ പ്രതിരോധിച്ചതുകൊണ്ട് അത് തടയാൻ കഴിഞ്ഞു. മണ്ണൂർ മണ്ഡലം പ്രസിഡന്റ് ഹെബീഷിനെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ചു. നരേന്ദ്ര മോദി സർക്കാറിനെതിരെ നടത്തിയ പ്രകടനം കൊയിലാണ്ടിയിൽ സി.പി.എമ്മുകാർ ആക്രമിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി. നിഷാദിന് മർദനമേറ്റു. പൊലീസ്​ നോക്കിനിൽക്കുക മാത്രമല്ല, കൂട്ടുനിൽക്കുകയാണുണ്ടായത്. കൂട്ടുനിൽക്കുന്ന പൊലീസ്​ ഡി.വൈ.എഫ്.ഐക്കാരന്‍റെ പതാകക്ക് പോറലേറ്റു എന്ന് പറഞ്ഞ് കോൺഗ്രസ് പ്രകടനത്തിൽ കയറി അക്രമം നടത്തിയത് നീതീകരിക്കാൻ കഴിയില്ല. ജനകീയ പ്രതിഷേധത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള സി.പി.എമ്മിന്‍റെ ശ്രമമാണ് ഈ അക്രമമെന്നും പ്രവീൺകുമാർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.