കോഴിക്കോട്: പുതിയ സാരഥികളായ, പുതുവർഷത്തിൽ പുത്തൻ പ്രതീക്ഷകളിലാണ് നഗരം. പാതി വഴിയിലെത്തിയ പദ്ധതികളിൽ കുറെയെങ്കിലും 2021ൽ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ.
ഫയലുകളിൽ കഴിയുന്ന പല പദ്ധതികൾക്കും തുടക്കമുണ്ടാവുമെന്നും നഗരം പ്രതീക്ഷിക്കുന്നു. അടിയന്തര നടപടി പ്രതീക്ഷിക്കുന്ന പദ്ധതികളിൽ ചിലതും അവയുടെ ഇപ്പോഴുള്ള സ്ഥിതിയും;
ഞെളിയൻപറമ്പ് മലിന്യത്തിൽനിന്ന് ഊർജോൽപാദനം
സ്വകാര്യ പങ്കാളിത്തത്തിൽ ഞെളിയൻപറമ്പിൽ പണിയുന്ന വേസ്റ്റ് ടു എനർജി പ്ലാൻറിന് തറക്കല്ലിട്ടുകഴിഞ്ഞു. 250 കോടിയുടെ പദ്ധതി ബംഗളൂരു ആസ്ഥാനമായ കമ്പനി രണ്ട് കൊല്ലംകൊണ്ട് പ്രാവർത്തികമാക്കണമെന്നാണ് വ്യവസ്ഥ. 300 ടൺ മാലിന്യം ദിവസവും സംസ്കരിച്ച് അഞ്ച് മെഗാവാട്ട് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി ഇൗ കൊല്ലംതന്നെ ഏറക്കുറെ പൂർണമാവുമെന്നാണ് പ്രതീക്ഷ.
നഗരത്തിൽ ഇപ്പോൾ 329 കിലോമീറ്റർ ഓവുചാലുണ്ട്. ഇതിന് പുറമെ, 11.35 കോടി രൂപയുടെ ഓവുചാൽ പദ്ധതിക്കാണ് അംഗീകാരമായത്. 10 ഓവുചാലുകളാണ് കേന്ദ്ര സർക്കാറിെൻറ അമൃത് പദ്ധതിയിൽ പെടുത്തി ശാസ്ത്രീയമായി ആഴം കൂട്ടി നിർമിക്കുക. രണ്ട് പദ്ധതികൾ തീർന്നു. ബാക്കിയുള്ള ഏഴെണ്ണം ഇൗ കൊല്ലംതന്നെ തീരുമെന്നാണ് പ്രതീക്ഷ.
നഗരത്തിലെത്തിയാൽ വണ്ടി നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥ മാറ്റാൻ ലിങ്ക് റോഡ്, കോർപറേഷൻ സ്റ്റേഡിയം, കിഡ്സൺ കോർണർ എന്നിവിടങ്ങളിലെ പാർക്കിങ് പ്ലാസകൾക്കാണ് പദ്ധതി. ലിങ്ക് റോഡിൽ 29 സെൻറ് സ്ഥലത്ത് 10 കോടി ചെലവിൽ 90 വാഹനങ്ങൾക്ക് നിർത്താൻ സൗകര്യമുള്ള പ്ലാസ ആറ് മാസത്തിനകം തീരുമെന്നാണ് പ്രതീക്ഷ. കിഡ്സൺ കോർണറിൽ 22.7 സെൻറിൽ 45.43 കോടിയും സ്റ്റേഡിയത്തിന് സമീപം 136 സെൻറ് സ്ഥലത്ത് 116.6 കോടിയും ചെലവിട്ട് പണിയുന്ന പ്ലാസകൾക്ക് ഇനി നഗരസഭ കൗൺസിൽ അംഗീകാരം നൽകണം. എന്നിട്ടേ കരാർ കൊടുക്കാനാവൂ.
നഗരത്തിൽ ആധുനിക അറവുശാലയെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കോതിക്ക് സമീപം നഗരസഭയുടെ ഒരേക്കർ സ്ഥലത്ത് 11.5 കോടി ചെലവിൽ അറവുശാല പണിയാൻ രൂപരേഖ തയാറാക്കി കിഫ്ബി അംഗീകാരമായി. അറവുശാലയോടുള്ള പ്രദേശവാസികളുടെ ആശങ്കക്ക് പരിഹാരം കണ്ട്, പെട്ടെന്ന് ടെൻഡർ ചെയ്ത് നടപ്പാക്കാൻ പുതിയ നഗര സാരഥികൾക്കാവണം.
കോർപറേഷൻ ഉടമയിലുള്ള 20 സ്കൂളുകൾ കിഫ്ബിയിൽ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള 40 കോടിയുടെ പദ്ധതിയാണ് പുരോഗമിക്കുന്നത്. ഈ കൊല്ലംതന്നെ യാഥാർഥ്യമായാൽ അത്യാധുനിക സൗകര്യങ്ങളുള്ള സ്കൂളുകളുടെ നഗരമെന്ന പേര് കോഴിക്കോടിനാവും.
നഗരത്തിെൻറ മുഖ്യ പൊതു ൈമതാനമായ മുതലക്കുളം നവീകരിക്കാനുള്ള പദ്ധതിക്ക് രൂപരേഖ തയാറായി. മൂന്ന് നിലകളിലായി 240 വാഹനങ്ങൾ നിർത്താൻ സൗകര്യവും പൂന്തോട്ടവുമെല്ലാമുള്ള 18.5 കോടി രൂപയുടെ പദ്ധതിക്കാണ് രൂപരേഖ. അലക്ക് തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് പദ്ധതി ടെൻഡർ ചെയ്യാൻ ഭരണത്തിനാവണം.
വൈക്കം മുഹമ്മദ് ബഷീർ സ്മാരകം
െവെക്കം മുഹമ്മദ് ബഷീറിന് സ്മാരകമായി ബേപ്പൂരിൽ ഒരേക്കർ സ്ഥലത്ത് 2000 ചതുരശ്ര അടിയിൽ കെട്ടിടം പണിയാനുള്ള വിശദമായ രൂപരേഖ (ഡി.പി.ആർ) തയാറാക്കുന്ന പ്രവൃത്തിയാണിപ്പോൾ നടക്കുന്നത്. നഗരത്തിെൻറ വളരെ പഴയ ആവശ്യമായ ബഷീർ സ്മാരകം ഈ ഭരണസമിതിയുടെ കാലത്ത് ഉദ്ഘാടനം നടക്കണമെന്നാണ് സാംസ്കാരിക പ്രവർത്തകരുടെ പ്രിയ നഗരത്തിെൻറ ആഗ്രഹം.
മാസ്റ്റർ പ്ലാൻ പ്രകാരം മലാപ്പറമ്പിൽ മൊബിലിറ്റി ഹബ് പണിയാനാണ് നിർദേശം. 20 ഏക്കറോളമുള്ള സ്വകാര്യ സ്ഥലം ഏറ്റെടുക്കാൻ ആദ്യഘട്ട ചർച്ച നടന്നു. നടപടിക്ക് കൊച്ചി മെട്രോ റെയിലിനെ (കെ.എം.ആർ.എൽ) ചുമതലപ്പെടുത്താൻ മുൻ കൗൺസിൽ അംഗീകാരം നൽകി. സർക്കാർ അനുമതിയായാൽ മൊബിലിറ്റി ഹബ് ഗതാഗതക്കുരുക്കിന് പരിഹാരമാവും.
1993ൽ പണിത മൊഫ്യൂസിൽ സ്റ്റാൻഡ് നവീകരണത്തിന് വിശദമായ പദ്ധതിരേഖ തയാറാണ്. ടെൻഡർ നടപടി ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
പാളയത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമാണവും പെട്ടെന്നാക്കണം. കൺസൽട്ടൻസിയെ തെരഞ്ഞെടുത്ത് ഡി.പി.ആർ തയാറാക്കി താൽപര്യപത്രം ക്ഷണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.