മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ എസ്.ഐ അറസ്റ്റിൽ

മുക്കം: മുക്കം പൊലീസ് സ്റ്റേഷനിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ സംഭവത്തിൽ എസ്.ഐ അറസ്റ്റിൽ. കേസിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷനിലായിരുന്ന എസ്.ഐ ടി.ടി. നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്. നൗഷാദിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ കൃത്യമായ തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ജില്ല സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന് നേതൃത്വംനൽകുന്ന ഡിവൈ.എസ്.പി പി. പ്രമോദാണ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ റിമാൻഡ് ചെയ്തില്ല.

ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി പി. പ്രമോദ്, സ്റ്റേഷനിൽനിന്ന് മണ്ണുമാന്തിയന്ത്രം കടത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെയും കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതികളുടെയും മൊഴിയെടുത്തിരുന്നു. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കേസിലെ പ്രധാന പ്രതിയായ ബഷീറിന് നേര​ത്തേ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മറ്റു പ്രതികളായ ആറുപേർ മുക്കം സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ ബഷീർ ഒളിവിൽ പോവുകയായിരുന്നു.

സെപ്റ്റംബർ 19ന് കൊടിയത്തൂർ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രമാണ് ഉടമയുടെ മകനും സംഘവും കടത്തിക്കൊണ്ടുപോയത്. കടത്തിക്കൊണ്ടുപോയ മണ്ണുമാന്തി യന്ത്രത്തിനുപകരം മറ്റൊരുമണ്ണുമാന്തി യന്ത്രം സ്റ്റേഷനിൽകൊണ്ടുവെക്കുകയും ചെയ്തുവെന്നാണ് കേസ്.

അപകടം നടക്കുമ്പോൾ മണ്ണുമാന്തിയന്ത്രത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. മണ്ണുമാന്തിയന്ത്രത്തിന്റെ ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാർട്ടിൻ മാതാളിക്കുന്നേൽ (32), കെ.ആർ. ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവർ നേരത്തേ കീഴടങ്ങിയിരുന്നു.

Tags:    
News Summary - Mukkam police station SI arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.