ചടുലതാളത്തിനൊത്ത്...കോകോ ഫോക് ഫെസ്റ്റിവലിനോടനുബന്ധിച്ച് മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ കീഴില്ലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മുടിയേറ്റ്-ചിത്രം: ബിമൽ തമ്പി
കോഴിക്കോട്: അനുഷ്ഠാനാചരണത്തിന്റെ പൊലിമയോടെതന്നെ മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ നടന്ന മുടിയേറ്റ് കളി വൈഭവത്താൽ മഹനീയമായി. കോർപറേഷൻ വജ്രജൂബിലി വർഷത്തിന്റെയും കോഴിക്കോടിനെ സാഹിത്യ നഗരമായി യുനസ്കോ പ്രഖ്യാപിച്ചതിന്റെയും ഭാഗമായുള്ള കോകോ ഫെസ്റ്റിവലിന്റെ ഭാഗമായാണ് 2010ൽ യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടിയ മുടിയേറ്റ് അരങ്ങേറിയത്. പെരുമ്പാവൂർ കീഴില്ലം ഉണ്ണികൃഷ്ണന്റെയും ഗോപാലകൃഷ്ണന്റെയും രജീവിന്റെയും നേതൃത്വത്തിലാണ് പഞ്ചവർണപ്പൊടികൊണ്ട് ഭദ്രകാളികളം വരച്ച് കളംപൂജക്കും കളംപാട്ടിനും ശേഷം മുടിയേറ്റ് നടന്നത്. ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോടു യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്ന കഥാസന്ദർഭം ലോക സമകാലിന രാഷ്ട്രീയ സംഭവങ്ങളുടെ തിരുവുണർത്തുകൂടിയായി. പ്രധാന ചടങ്ങുകൾക്കുശേഷം അരങ്ങുകേളി, അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധത്തിലൂടെയും മൂന്നു മണിക്കൂറോളം നീണ്ട മുടിയേറ്റ് പലരുടെയും ആദ്യ കാഴ്ചയായി. ആനന്ദോദയൻ, അരുൺകുമാർ, അനിൽകുമാർ, ഉണ്ണി, യാദവ്, വിഷ്ണു, അരുൺ എന്നീ കലാകാരന്മാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.