കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യായ വില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്നു വിതരണം മുടങ്ങിയതോടെ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴിയുള്ള ഹൃദയ ശസ്ത്രക്രിയകളടക്കം മുടങ്ങുന്നു. പണമടക്കുന്നവർക്ക് മാത്രം മരുന്നും ഉപകരണവും വാങ്ങി ശസ്ത്രക്രിയ നടത്തുന്ന രീതിയാണ് നിലനിൽക്കുന്നത്.
കാര്യണ്യ ഇൻഷുറൻസ് കിട്ടുമെന്ന പ്രതീക്ഷയിൽ ആശുപത്രിയിൽ എത്തി സർജറിക്ക് തയാറെടുക്കുന്നതിനിടെ ന്യായവില മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്ന് ലഭിക്കാതെ ശസ്ത്രക്രിയ മുടങ്ങിയവരും നിരവധിയാണ്. ലഭ്യമായ മരുന്നുകൾ ന്യായവില മെഡിക്കൽ സ്റ്റോറിൽനിന്നെടുത്ത് ബാക്കി മരുന്ന് പുറത്തുനിന്ന് വാങ്ങണമെന്നും അതിനു തയാറെങ്കിൽ സർജറി നടത്താമെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. ബൈപാസ്, കാർഡിയോ വാസ്കുലാർ സർജറി എന്നിവ നടത്തുന്നതിന് പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് പാവപ്പെട്ട രോഗികൾ. ന്യായവില മെഡിക്കൽ ഷോപ്പിൽ ഗ്ലൗസ്, സിറിഞ്ച്, സൂചി, കോട്ടൺ തുടങ്ങിയ സർജിക്കൽ ഉപകരണങ്ങളൊന്നുംതന്നെ ലഭിക്കുന്നില്ലെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു.
ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്നു വിതരണം ചെയ്ത ഇനത്തിൽ ഒമ്പത് മാസത്തെ കുടിശ്ശിക 80 കോടി കടന്നതോടെയാണ് വിതരണക്കാർ ഇക്കഴിഞ്ഞ 10 മുതൽ വിതരണം നിർത്തിവെച്ചത്. ഇതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നിനും സർജിക്കൽ ഉപകരണങ്ങൾക്കും ക്ഷാമം തുടങ്ങി.
ഇതിൽ ഒന്നര മാസത്തെ കുടിശ്ശിക മാത്രമാണ് സർക്കാർ വിതരണക്കാർക്ക് അനുവദിച്ചത്. എന്നാൽ, സെപ്റ്റംബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ മരുന്ന് വിതരണം പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് വിതരണക്കാരുടെ നിലപാട്. കാരുണ്യ അടക്കം വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ 225 കോടി രൂപ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സർക്കാറിൽ നിന്ന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി കാത്ത് ലാബിലേക്ക് സ്റ്റെന്റ് വിതരണം നടത്തിയ ഇനത്തിൽ വിതരണക്കാർക്ക് ലഭിക്കാനുള്ളത് 32 കോടി. കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് എട്ട് കോടിയും കാരുണ്യ ആരോഗ്യ ഇന്ഷുറൻസ് പദ്ധതിയിൽനിന്ന് 24 കോടി രൂപയുമാണ് സ്റ്റെന്റ് വിതരണക്കാർക്ക് ലഭിക്കാനുള്ളത്.
കാരുണ്യ ആരോഗ്യ ഇൻഷുറൻസിൽനിന്ന് 10 മാസത്തെയും കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്ന് 19 മാസത്തെയും കുടിശ്ശികയാണ് ലഭിക്കാനുള്ളതെന്ന് മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി വെൽെഫയർ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
കുടിശ്ശിക തീർക്കാൻ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഒരു മാസം മുമ്പ് വിതരണക്കാർ ആരോഗ്യ മന്ത്രിക്ക് കത്ത് എഴുതിയിരുന്നു. എന്നാൽ, ഇതിൽ ഒരു മറുപടിയും ലഭിച്ചിട്ടില്ല. കുടിശ്ശിക ലഭിക്കാത്തത് തങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നതായി വിതരണക്കാർ ചൂണ്ടിക്കാട്ടി.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് വഴി മരുന്ന് വിതരണം നിലച്ചതോടെ ഭാര്യക്ക് ബൈപാസ് സർജറി നടത്താനുള്ള പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് മാനന്തവാടി സ്വദേശി ജംഷീർ.
ജനുവരി ഒന്നിനാണ് ജംഷീറിന്റെ ഭാര്യ ഷാഹിദയെ ബൈപാസ് സർജറിക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമായ ജംഷീർ അതുവഴി ശസ്ത്രക്രിയ നടത്താനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ന്യായവില മെഡിക്കൽ ഷോപ്പിലേക്കുള്ള മരുന്ന് വിതരണം ഏജൻസികൾ നിർത്തിവെച്ചത്. കാരുണ്യവഴി ഉടൻ ചികിത്സ നടത്താൻ കഴിയില്ലെന്നും മരുന്നിനും മറ്റുമായി ഒന്നര ലക്ഷം രൂപ കണ്ടെത്തിയാൽ ഉടൻ സർജറി നടത്താമെന്നുമാണ് പരിശോധിക്കുന്ന ഡോക്ടർ അറിയിച്ചിരിക്കുന്നതെന്ന് ജംഷീർ പറഞ്ഞു.
13 വയസ്സുകാരി മകൾ വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് രണ്ടര മാസത്തോളമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് ഭാര്യയുടെ ചികിത്സക്കും ഭാരിച്ച തുക കണ്ടെത്തേണ്ടിവരുന്നത്.
പ്രവാസിയായിരുന്ന തനിക്ക് മകളുടെയും ഭാര്യയുടെയും അസുഖം കാരണം ഇപ്പോൾ ജോലിക്ക് പോവാൻ പറ്റാത്ത സാഹചര്യമാണെന്നും മാനന്തവാടി എടവക പള്ളിക്കൽ ജംഷീർ പറഞ്ഞു. മറ്റു വരുമാന മാർഗങ്ങളും ഇല്ല. ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ മുട്ടാവുന്ന വാതിലുകളില്ലെല്ലാം മുട്ടിക്കൊണ്ടിരിക്കുകയാണ് ജംഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.