പിടിയിലായ വിഷ്ണു
മാവൂർ: നിരവധി വ്യാപാരസ്ഥാപനങ്ങളിലും മറ്റും സാധനങ്ങൾ വാങ്ങി സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. തിരുനാവായ സ്വദേശിയും കടലുണ്ടി ആനങ്ങാടിയിൽ വാടകക്ക് താമസിക്കുകയും ചെയ്യുന്ന കുന്നുമ്മൽ വിഷ്ണു എന്ന ഓസി വിഷ്ണുവിനെയാണ് (30) സിറ്റി ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികൾ ഉയർന്നതോടെയാണ് വിഷയം പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. ഇതേതുടർന്ന് സിറ്റി ക്രൈം സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
പണം നഷ്ടപ്പെട്ടവർ ചെറിയ സംഖ്യകളായതിനാൽ പരാതി നൽകാൻ മടിക്കുന്നത് പ്രതിക്ക് സ്ഥിരം കുറ്റകൃത്യം ചെയ്യാൻ പ്രേരണയായി. പിടിയിലായാൽ ഇയാൾ മാപ്പ് പറഞ്ഞ് പണം നൽകി തടി തപ്പും. നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഇയാൾ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി കഴിഞ്ഞുവരികയാണ്. നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
ഗൂഗ്ൾ പേയിൽ അനൗൺസ് ചെയ്യുന്ന മെഷീൻ ഇല്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ചാണ് തട്ടിപ്പ്. മാവൂർ സ്റ്റേഷൻ പരിധിയിൽ കൽപ്പള്ളിയിലെ ഇലക്ട്രിക്കൽ ആൻഡ് ഹോം അപ്ലയൻസസ് ഷോപ്പിൽനിന്ന് രണ്ട് ഫാൻ വാങ്ങി നാലായിരം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപാരികളും മറ്റു ചെറുകിട കച്ചവടക്കാരും ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർ ഉമേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.