കോഴിക്കോട് കടപ്പുറത്ത് ഫുഡ് ഹബ് വരുന്ന സ്ഥലം
കോഴിക്കോട്: കാലമേറെയായി പറയുന്ന കോഴിക്കോടിന്റെ ഭക്ഷണത്തെരുവിന് മൂന്ന് കോടിയോളം രൂപ ചെലവിലുള്ള അന്തിമ പദ്ധതിയായി. കടപ്പുറത്ത് ആധുനിക ഭക്ഷണത്തെരുവിന്റെ തറക്കല്ലിടലും പ്രവൃത്തി ഉദ്ഘാടനവും 26ന് വൈകീട്ട് ആറിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മേയ് മാസംതന്നെ യാഥാർഥ്യമാവുമെന്നാണ് പ്രതീക്ഷ. 90 കച്ചവടക്കാർക്ക് ശുദ്ധജലം, മലിനജലം സംസ്കരിക്കാനുള്ള സൗകര്യം എന്നിവയെല്ലാം ഉറപ്പാക്കി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. കോർപറേഷൻ ഓഫിസിന് മുന്നിലുള്ള കടലോരമാണ് ഇതിനായി ഉപയോഗിക്കുക.
കോർപറേഷൻ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ബീച്ചിലെ വെന്റിങ് മാർക്കറ്റ് പദ്ധതിയാണ് ഭക്ഷണത്തെരുവുകൂടിയാക്കി നടപ്പാക്കുന്നത്. കോർപറേഷന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെയും ഫുഡ്സേഫ്റ്റി വകുപ്പിന്റെയും സംയുക്ത പദ്ധതിയായി ബീച്ചിൽ വെന്റിങ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റാണ് ഉയരുക. ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും കോർപറേഷന്റെയും പദ്ധതികൾ ഒന്നിച്ചുചേർത്താണ് ബീച്ചിൽ പ്രത്യേക ഇടമൊരുക്കുന്നത്.
വൃത്തിയോടെ ഗുണമേന്മയുള്ള തെരുവുഭക്ഷണം നൽകുകയെന്നതാണ് ലക്ഷ്യം. രാജ്യത്തൊട്ടാകെ 100 സ്ട്രീറ്റ് ഫുഡ് ഹബുകൾ ഒരുക്കുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി കോഴിക്കോടിനെ പരിഗണിച്ചിരുന്നു. സംസ്ഥാനത്തെ മറ്റ് മൂന്നിടങ്ങളിലും പദ്ധതി നടപ്പാക്കിയെങ്കിലും സ്ഥലം നൽകാൻ താമസിച്ചതിനാൽ കോഴിക്കോട്ട് ഒന്നും നടന്നില്ല. തുടർന്നാണ് കോർപറേഷൻ നേരത്തെ ദേശീയ നഗര ഉപജീവന ദൗത്യ പ്രകാരം ബീച്ചിലൊരുക്കുന്ന വെന്റിങ് സോൺ പദ്ധതിക്കൊപ്പം ചേർത്ത് ഫുഡ്സ്ട്രീറ്റുമാക്കാമെന്ന് ധാരണയായത്. കേന്ദ്രത്തിന്റെ ഫുഡ് ഹബ് പദ്ധതി പ്രകാരം ഒരു കോടിയും വെന്റിങ് സോൺ പദ്ധതി പ്രകാരം 2.5 കോടിയിലേറെയും ചെലവഴിച്ചാണ് ഫുഡ് സ്ട്രീറ്റ് ഒരുക്കുക.
ഉദ്ഘാടനത്തിന് മുന്നോടിയായി കോർപറേഷൻ കോൺഫറൻസ് ഹാളിൽ ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ, തെരുവു കച്ചവടക്കാരുടെ സംഘടന പ്രതിനിധികൾ, വ്യാപാരി സംഘടന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഡോ. എസ്. ജയശ്രീ, കെ. മൊയ്തീൻകോയ, സി.ഇ. ചാക്കുണ്ണി, അഡ്വ. കെ.പി. അശോക് കുമാർ, എൽ. രമേശ്, വിനീഷ് വിദ്യാധരൻ, സനാഫ് പാലക്കണ്ടി, റാഫി പി. ദേവസ്യ, ജൗഹർ ടാംടൺ, കെ. പ്രഭീഷ്, ഫുഡ് സേഫ്റ്റി ഓഫിസർ സക്കീർ ഹുസൈൻ, പി.വി. മുഹമ്മദ് റാഫി, എം.പി. അഷ്റഫ് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കാൻ മേയർ ഡോ. ബീന ഫിലിപ് ചെയർപേഴ്സനും സെക്രട്ടറി ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. ദിവാകരൻ സ്വാഗതവും കൗൺസിലർ സി.പി. സുലൈമാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.