കോഴിക്കോട് റവന്യൂ ജില്ല കായികമേളക്ക് തുടക്കം

കോഴിക്കോട്: പുതിയ താരങ്ങളെ കണ്ടെത്തി ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ആരംഭിച്ച 67ാമത് കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ 100 പോയന്റുമായി മുക്കം ഉപജില്ല മുന്നിൽ. ഭൂരിഭാഗം കായികാധ്യാപകരുടെ പ്രതിഷേധത്തിനിടയിലും 17 ഉപജില്ലകളിൽനിന്നായി നാലായിരത്തോളം കായികതാരങ്ങൾ പങ്കെടുക്കുന്ന മേളയുടെ ആദ്യദിനം നിറംകെടാതെ നടത്തിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പും സംഘാടകരും നന്നേ പാടുപെട്ടു.

മൂന്നു ദിവസം നീളുന്ന മത്സരത്തിന്റെ ആദ്യ ദിനത്തിൽ 29 മത്സരങ്ങൾ പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ മുക്കം ഉപജില്ലക്കു പിന്നാലെ 38 പോയന്റുമായി പേരാമ്പ്ര ഉപജില്ലയാണ് രണ്ടാമത്. 24 പോയന്റുമായി ബാലുശ്ശേരി ഉപജില്ല മൂന്നാം സ്ഥാനത്താണ്.

സ്കൂൾ വിഭാഗത്തിൽ 69 പോയന്റുമായി മുക്കം ഉപജില്ലയിലെ സെന്റ് ജോസഫ്സ് എച്ച്.എസ് പുല്ലൂരാംപാറയാണ് മുന്നിൽ. 30 പോയന്റുമായി പേരാമ്പ്ര ഉപജില്ലയിലെ ജോർജസ് എച്ച്.എസ്.എസ് കുളത്തുവയലാണ് രണ്ടാം സ്ഥാനത്തുള്ളത്. 19 പോയന്റുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയൂരാണ് മൂന്നാം സ്ഥാനത്ത്. സബ് ജൂനിയർ ബോയ്സ്, ഗേൾസ് വിഭാഗത്തിലെ ഒട്ടുമിക്ക പ്രധാന ഇനങ്ങളെല്ലാം ആദ്യദിനം പൂർത്തിയായി. 90 ഇനങ്ങളായുള്ള മത്സരത്തിൽ 29 എണ്ണം ആദ്യദിനം പൂർത്തിയായി.

മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഷാജി ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. കമാൽ വരദൂർ ദീപശിഖ കൊളുത്തി. ആർ. രാജേഷ് കുമാർ, സജിനി, റോയി മുരിക്കോലിൽ എന്നിവർ സംസാരിച്ചു. ഡി.ഡി.ഇ ടി. അസീസ് സ്വാഗതവും ഡോ. ഷിനോജ് നന്ദിയും പറഞ്ഞു. ട്രാക്കിലെ ഏറെ ആകർഷണീയമായ 100 മീ., 600 മീ., 800 മീ. ഉൾപ്പെടെ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും.  

Tags:    
News Summary - Kozhikode Revenue District Sports Festival begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.