കോഴിക്കോട്: രോഗികളുടെ ജീവന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിലയില്ലെന്ന വിമർശനം ശക്തമായി. ചികിത്സക്കിടെയുള്ള അനാസ്ഥയുടെയും അശ്രദ്ധയുടെയും നിരവധി പരാതികളാണ് ഓരോദിവസവും പുറത്തുവരുന്നത്.
വ്യാഴാഴ്ച മരുന്ന് കുത്തിവെച്ചതിന് പിറകെ രോഗി മരിച്ച സംഭവം അധികൃതരുടെ അനാസ്ഥക്കെതിരായ പരാതിക്ക് ശക്തി പകരുന്ന സംഭവമായി. 21ാം വാർഡിൽ ചികിത്സയിലിരുന്ന തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ സ്വദേശി സിന്ധു (45) മരുന്ന് കുത്തിവെച്ചയുടൻ ഗുരുതരമായ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും അടിയന്തര നടപടികൾ സ്വീകരിക്കാൻ വാർഡിൽ ഡോക്ടറില്ലായിരുന്നു.
രോഗിക്ക് വലിയ പ്രയാസമുണ്ടെന്ന് ഭർത്താവ് അറിയിച്ചിട്ടും നഴ്സ് അവഗണിച്ചു. ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായാണ് നഴ്സ് മരുന്ന് കുത്തിവെച്ചതെന്നും അപ്പോൾ തന്നെ ആശങ്കയുണ്ടായിരുന്നുവെന്നും കൂടെയുണ്ടായിരുന്ന ഭർത്താവ് 'മാധ്യമ'ത്തോടു പറഞ്ഞു.
ഡോക്ടർമാരുടെ സേവനത്തിന് അത്യാഹിത വിഭാഗത്തിൽ പോലും രോഗികൾ അനിശ്ചിതമായി കാത്തിരിക്കേണ്ട അവസ്ഥയാണ്. പലപ്പോഴും ഡ്യൂട്ടിയിലുണ്ടാവുക മെഡിക്കൽ വിദ്യാർഥികളും ഹൗസ് സർജന്മാരുമാണ്. ഡ്യൂട്ടി എം.ഒയെ അന്വേഷിച്ച് പോവേണ്ട സാഹചര്യമാണ് മിക്ക സമയത്തും.
മെഡിസിൻ വിഭാഗത്തെ കുറിച്ചാണ് നിരന്തര പരാതിയുയരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ദാരുണ മരണവും മെഡിസിൻ വിഭാഗത്തിലാണ്. മെഡിക്കൽ വിഭാഗത്തിന്റെ വിശദീകരണം പലപ്പോഴും ഡോക്ടർമാരെയും അധികൃതരെയും ന്യായീകരിക്കും വിധമാവും.
പക്ഷേ, രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സംഭവങ്ങളാണ് ആവർത്തിക്കുന്നത്. സർക്കാർ കോടികൾ ചെലവഴിക്കുന്ന മെഡി. കോളജ് ആശുപത്രിയിൽ അതിന്റെ ഗുണം രോഗികൾക്ക് കിട്ടുന്നില്ലെന്ന പരാതി ശക്തമാണ്.
ഡോക്ടർമാരോടോ അധികൃതരോടോ സാധാരണക്കാർക്ക് ഒരുവിശദീകരണം പോലും ലഭിക്കാത്ത സാഹചര്യമുണ്ട്. ശിപാർശ ചെയ്യാൻ ആളില്ലാത്തവർക്ക് മെഡി. കോളജ് ആശുപത്രിയിൽ വേണ്ടത്ര ശ്രദ്ധകിട്ടുന്നില്ലെന്ന പരാതിയുമുണ്ട്.
മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ ഫോർസെപ്സ് കണ്ടെത്തിയ സംഭവം അടുത്ത കാലത്താണ് റിപ്പോർട്ട് ചെയ്തത്. അഞ്ചുവർഷം ദുരിതമനുഭവിച്ച ശേഷമാണ് പ്രശ്നം കണ്ടുപിടിക്കാനായത്.
മെഡിക്കൽ അനാസ്ഥയുടെ ലജ്ജാകരമായ ഉദാഹരണമായിരിക്കുകയാണ് സംഭവം. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടും റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. നാട്ടുകാരുടെ നികുതിപ്പണമുപയോഗിച്ച് വൈദ്യം പഠിക്കുകയും ജോലി ചെയ്ത് ശമ്പളം പറ്റുകയും ചെയ്യുന്ന മെഡി.കോളജ് അധികൃതർ നാട്ടുകാരുടെ ജീവന് പുല്ലുവില കൽപിക്കുകയാണ്.
രോഗികളുടെ ബാഹുല്യവും ജീവനക്കാരുടെ കുറവും അസൗകര്യങ്ങളുമാണ് പലപ്പോഴും ന്യായീകരണമായി പറയാറുള്ളത്. അപരിഷ്കൃതമായ രീതിയിൽ മനുഷ്യജീവൻ കൈകാര്യം ചെയ്യുന്നത് വലിയ വിമർശനത്തിനാണ് ഇടയാക്കുന്നത്.
മൃതദേഹം മാലിന്യക്കൂമ്പാരത്തിനുള്ളിലൂടെ ബന്ധുക്കൾക്ക് കൈമാറുന്ന വിഡിയോ സമൂഹ മനഃസാക്ഷിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ഇതിനും അധികൃതർ ന്യായീകരണം നിരത്തിയെങ്കിലും പിന്നീട് തിരുത്തേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.