കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ഇനി എന്ന് പ്രവർത്തന സജ്ജമാക്കുമെന്ന് കാര്യത്തിൽ ഇരുട്ടിൽ തപ്പി അധികൃതർ. രണ്ടാം തവണയും തീയും പുകയും ഉയർന്നതോടെ ഇനി കെട്ടിടത്തിൽ ഭൗതിക, സാങ്കേതിക പരിശോധനകളെല്ലാം നടത്തി സുരക്ഷ ഉറപ്പുവരുത്തിയ ശേഷം രോഗികളെ പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടം പണിത് കൈമാറിയ എച്ച്.എൽ.എൽ സംഘം പരിശോധന തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓപറേഷൻ തിയറ്റർ പരിശോധനക്കിടെ കത്തിനശിക്കാനിടയാക്കിയത് എർത്ത് ഷോർട്ടേജ് കാരണമാണെന്നാണ് പി.ഡബ്ല്യു.ഡി അധികൃതരുടെ വിലയിരുത്തൽ.
അതിനാൽ, ഇനി എച്ച്.എൽ.എല്ലിന്റെ തന്നിഷ്ട പ്രകാരം മാത്രം പ്രവൃത്തികൾ നടത്തിയാൽ പോരെന്നും ഇലക്ട്രിക്കൽ ഇൻസ് പെക്ടറേറ്റ്, പി.ഡബ്ല്യു.ഡി, മറ്റ് സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങിയ സംഘം പരിശോധിച്ച് കണ്ടെത്തുന്ന തകരാറുകളെല്ലാം പരിഹരിച്ചു തരണമെന്നുമാണ് ആശുപത്രി അധികൃതർ എച്ച്.എൽ.എല്ലിനോട് ആവശ്യപ്പെടുന്നത്.
അപകടമുണ്ടായി അടിക്കടി രോഗികളെ മാറ്റേണ്ടിവരുന്നത് ആരോഗ്യ വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ആദ്യ പൊട്ടിത്തെറിക്ക് ശേഷം ഫയർ ആന്റ് സേഫ്റ്റി, ഇലക്ട്രിസിറ്റി വിഭാഗത്തിന്റെ പരിശോധന നടത്തി തിടുക്കപ്പെട്ട് രോഗികളെ തിരികെ പ്രവേശിപ്പിച്ച ഉടൻ വീണ്ടും തീയും പുകയും ഉയർന്നതോടെ ശരിക്കും പൊള്ളിയത് ആശുപത്രി അധികൃതർക്കാണ്. യുദ്ധകാലാടിസ്ഥാനത്തിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ നിർദേശിച്ച ആരോഗ്യ മന്ത്രി രണ്ടാമത്തെ അപകടത്തോടുകൂടി ആശുപത്രി അധികൃതരെ കൈവിട്ടു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ തുടർച്ചയായി തീയും പുകയും ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണന്ന് കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഫെഡറേഷൻ. കാലങ്ങളായി സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ അടക്കമുള്ള മുഴുവൻ സർക്കാർ സ്ഥാപനങ്ങളുടെയും വൈദ്യുതീകരണ പ്രവൃത്തി പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗമാണ് ചെയ്തു പോരുന്നത്.
എന്നാൽ, അടുത്തകാലത്തായി ഇലക്ട്രിക്കൽ പ്രവൃത്തികൾ മറ്റ് പല ഏജൻസികളെയും ഏൽപ്പിക്കുകയാണ്. ഇലക്ട്രിക്കൽ പ്രവൃത്തിക്ക് ആവശ്യമായ ഒരു യോഗ്യതയും ഇല്ലാത്തവരാണ് പ്രവൃത്തികൾ ചെയ്തുവരുന്നത്. ഇത്തരം പ്രവൃത്തികൾ യോഗ്യതയുള്ളവർക്ക് നൽകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു.
കോഴിക്കോട്: നാലു ദിവസത്തിനിടെ രണ്ടു തവണ തീയും പുകയും ഉണ്ടായി രോഗികളെ ഒഴിപ്പിച്ച കോഴിക്കോട് മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം കെട്ടിടത്തിൽ എച്ച്.എൽ.എൽ കേന്ദ്രസംഘം പരിശോധന തുടങ്ങി. എച്ച്.എൽ.എൽ ആണ് കെട്ടിടം നിർമിച്ചത്. എച്ച്.എൽ.എല്ലിന്റെ ടെക്നിക്കൽ വിഭാഗമായ ഹൈറ്റ്സിന്റെ വൈസ് ചെയർമാൻ അടക്കമുള്ള സംഘമാണ് പരിശോധനക്കെത്തിയത്.
ബുധനാഴ്ച രാവിലെ ആശുപത്രിയിൽ എത്തിയ സംഘം പ്രിൻസിപ്പൽ ഡോ. കെ.ജി. സജീത്ത് കുമാറുമായി ചർച്ച നടത്തി. കെട്ടിടം ഏറ്റെടുത്ത് രണ്ടുവർഷം പൂർത്തിയാവുന്നതിനു മുമ്പേ ഇത്തരത്തിൽ തുടർച്ചയായി അപകടം ഉണ്ടാകുന്നത് ഗുരുതര സുരക്ഷവീഴ്ചയാണെന്ന് പ്രിൻസിപ്പൽ കമ്പനി അധികൃതരെ അറിയിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും പരിഹരിക്കാൻ എന്തു നടപടിയാണ് സ്വീകരിക്കുക എന്നതിനെക്കുറിച്ചും കൃത്യമായ പ്ലാൻ തയാറാക്കി രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരവധി രോഗികളെ ചികിത്സിക്കുന്ന കെട്ടിടമാണിത്. അതിന് കുറ്റമറ്റ രീതിയിലുള്ള കെട്ടിടമാണ് വേണ്ടത്. അതിനാൽ, പുതിയത് നിർമിച്ച് കൈമാറുന്നതിന് സമാനമായി പ്രശ്നങ്ങൾ പരിഹരിക്കണം. പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനത്തിൽ ആദ്യമായാണ് ഇത്തരം സംഭവമെന്നും പ്രിൻസിപ്പൽ കമ്പനി പ്രതിനിധികളെ ധരിപ്പിച്ചു. തീയും പുകയും ഉയർന്ന സാഹചര്യം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കമ്പനി അധികൃതരോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.