വിണ്ടുകീറിയ ആയഞ്ചേരിയിലെ നെൽവയൽ
ആയഞ്ചേരി: കഠിനാധ്വാനം ചെയ്തിറക്കിയ പുഞ്ചകൃഷി കൺമുന്നിൽ നശിക്കുന്നത് നോക്കിനിൽക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയിലാണ് ആയഞ്ചേരിയിലെ പുഞ്ച കർഷകർ. കനാൽ വെള്ളം കൃത്യസമയത്ത് ലഭ്യമാകാത്തതിനെ തുടർന്ന് ആയഞ്ചേരി പിലാത്തോട്ടത്തിൽ താഴെ മുതൽ പുലത്തുരുത്ത് വരെയുള്ള 150 ഏക്കറോളം വരുന്ന നെൽവയലുകളാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
ഡിസംബർ അവസാന വാരത്തിലാണ് പ്രദേശത്ത് വൻതോതിൽ ഞാറുനടീൽ നടത്തിയത്. തുടക്കത്തിൽ മികച്ച രീതിയിൽ വളർന്നുവന്ന നെൽച്ചെടികൾ ഇപ്പോൾ വെള്ളം വറ്റി പാടം വിണ്ടുകീറിത്തുടങ്ങിയതോടെ വാടുകയാണ്. പുഞ്ചകൃഷിയിൽ നെല്ലിന്റെ വളർച്ചയുടെ ഏറ്റവും നിർണായകമായ ഈ ഘട്ടത്തിൽ വെള്ളം ലഭ്യമായില്ലെങ്കിൽ പൂർണമായ വിളനാശമാകും സംഭവിക്കുകയെന്ന് കർഷകർ ഭീതിയോടെ പറയുന്നു.കനാൽ വെള്ളം എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവർക്ക് കർഷകർ നേരിട്ടും നിവേദനങ്ങൾ വഴിയും പരാതി നൽകിയിരുന്നു. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ നടപടിയുണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർഷകരുടെ ദുരിതമകറ്റാൻ ആയഞ്ചേരി കൃഷിഭവന്റെ നേതൃത്വത്തിൽ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും എ.ഡി.എസ് അംഗങ്ങളുടെയും പാടശേഖര സമിതി അംഗങ്ങളുടെയും യോഗം കഴിഞ്ഞ ദിവസം ആയഞ്ചേരിയിൽ ചേർന്നു.
ഈ മാസം 23ന് പേരാമ്പ്രയിൽ ജില്ല കലക്ടറുടെയും ജലസേചന വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറുടെയും നേതൃത്വത്തിൽ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പരിധിയിലെ കൃഷി ഓഫിസർമാർ, പഞ്ചായത്ത് ഭാരവാഹികൾ, കർഷകർ എന്നിവരുടെ യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ യോഗത്തിൽ കനാൽ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആയഞ്ചേരി കൃഷി ഓഫിസർ പി. കൃഷ്ണ അറിയിച്ചു.
ലക്ഷക്കണക്കിന് രൂപ കടമെടുത്തും മറ്റും കൃഷിയിറക്കിയ സാധാരണക്കാരായ കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് നിലവിലെ പ്രതിസന്ധി മൂലം ഉണ്ടാകുന്നത്.
പ്രാദേശികമായി മോട്ടോർ ഉപയോഗിച്ച് ജലാശയങ്ങളിൽനിന്ന് വെള്ളം പമ്പു ചെയ്യുന്നത് കർഷകർക്ക് ഭാരിച്ച ബാധ്യതയായി മാറുന്നതിനാൽ അപ്രായോഗികമാണ്.
23ലെ യോഗത്തിൽ അനുകൂല തീരുമാനമുണ്ടായി അടിയന്തരമായി കനാൽ വഴി വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും നഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും 40 ഏക്കറിൽ കൃഷി ചെയ്യുന്ന യുവ കർഷകൻ കാട്ടുപന്തലിൽ അബ്ദുറഹിമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.