സ​ദാ​ന​ന്ദ​ൻ താ​മ​സി​ക്കു​ന്ന ശു​ചി മു​റി​യി​ൽ

അധികൃതർ കാണുന്നില്ലേ? ഇതോ അതിദാരിദ്ര്യ മുക്ത കേരളം; മുക്കത്ത്‌ രണ്ടു വർഷത്തിലധികമായി 60 കാരന്റെ താമസം ശുചിമുറിയിൽ

മുക്കം: സംസ്ഥാനം അതിദാരിദ്ര്യ മുക്തപ്രഖ്യാപനം നടത്തുകയും മുഖ്യമന്ത്രിയും മന്ത്രിമാരും ആവർത്തിച്ചാവർത്തിച്ച് ഇത് അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുമ്പോൾ മുക്കം നഗരസഭയിലെ തെച്ചിയാട് പ്രദേശത്തുനിന്ന് കേൾക്കുന്നത് കരളലിയിക്കുന്ന വാർത്ത. ഹോളോബ്രിക്സുകൾ കൊണ്ടുള്ള ചുമരുകളും സിമന്‍റ് ഷീറ്റുകൾ കൊണ്ടുള്ള മേൽക്കൂരയും നിവർന്ന് കടക്കാൻ പറ്റാത്ത ഒരു കൊച്ചു ശുചിമുറി. ഇവിടെയാണ് 60 വയസ്സുള്ള സദാനന്ദൻ കഴിഞ്ഞ രണ്ട് വർഷമായി താമസിക്കുന്നത്. തെച്ചിയാട് വെള്ളിപറമ്പ് വീട്ടിൽ സദാനന്ദൻ താമസിച്ചിരുന്ന പഴ ഷെഡ് പൊളിഞ്ഞതിനു ശേഷം രണ്ടു വർഷത്തിലധിമായി ശുചി മുറിയിലാണ് താമസം. പ്രാഥമിക കാര്യങ്ങളും താമസവും ഒരേ സ്ഥലത്തുതന്നെ.

സദാനന്ദനെ അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ താൻ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ, നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം ഒഴിവാക്കുകയായിരുന്നുവെന്ന് മുൻ കൗൺസിലർ കൃഷ്ണൻ വടക്കയിൽ മാധ്യമത്തോട് പറഞ്ഞു. ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത വ്യക്തിയാണ് സദാനന്ദൻ. വോട്ട് ചെയ്യാൻ പോകുമ്പോൾ തനിക്ക് വീടില്ല വെള്ളമില്ല എന്നൊക്കെ പറയുമെങ്കിലും നമുക്ക് ശരിയാക്കാമെന്ന പതിവ് പല്ലവി മാത്രമാണ് ലഭിക്കാറുള്ളത്. പഴയ ഷെഡ് പൊളിഞ്ഞിട്ട് 15 വർഷത്തിലധികമായി. സദാനന്ദന് പനയോല വെട്ടുന്ന ജോലിയായിരുന്നു. പനയിൽ നിന്ന് വീണ് പരിക്കേറ്റ് ഏറെക്കാലം ആശുപത്രിയിൽ കഴിഞ്ഞു.

നാട്ടുകാരുടെ സഹായത്തിൽ അങ്ങാടികളിൽ നിന്ന് ലഭിക്കുന്ന ഭക്ഷണവും ആരെങ്കിലും നൽകുന്ന ചെറിയ പൈസയും കൊണ്ടാണ് ജീവിതം മുന്നോട്ട് പോവുന്നത്. വീടില്ലാത്ത സദാനന്ദന് മുക്കം നഗരസഭ നികുതി അടയ്ക്കാനുള്ള നോട്ടീസ് നൽകിയിട്ടുണ്ട് എന്നതാണ് ഏറെ പരിഹാസ്യം.

സദാനന്ദന് വീടില്ല കഷ്ടത്തിലാണെന്ന കാര്യം നാട്ടുകാർക്ക് അറിയാമെങ്കിലും ശുചിമുറിയിലാണ് താമസമെന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞതെന്നും എത്രയും പെട്ടെന്ന് വീട് നല്കാൻ നഗരസഭ തയ്യാറാകണമെന്നും സദാനന്ദന്റെ സുഹൃത്തും നാട്ടുകാരനുമായ അബൂബക്കർ പറഞ്ഞു.

സദാനന്ദന് സ്വന്തമായി സ്ഥലമുണ്ട്, 5 വർഷം മുമ്പ് നാട്ടുകാരുണ്ടാക്കി കൊടുത്ത ഒരു തറയുമുണ്ട് .പിന്നീട് ഒരു പണിയും നടന്നിട്ടില്ല. വീടു നിർമിച്ചു നൽകാൻ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി പറഞ്ഞു.

മുക്കം: മുക്കം നഗരസഭയിലെ തെച്ചിയാട് 60കാരൻ ശുചിമുറിയിൽ താമസിച്ചുവരുന്ന സംഭവത്തിൽ വിശദീകരണവുമായി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദ്നി. വിവരമറിഞ്ഞ ഉടനെ തന്നെ സ്ഥലം സന്ദർശിച്ചതായും സദാനന്ദനെ താൽക്കാലികമായി വാടക വീട്ടിലേക്ക് മാറ്റുമെന്നും ചാന്ദ്നി പറഞ്ഞു. വീട് നിർമിച്ചു നൽകാൻ നടപടി സ്വീകരിക്കും .ഇത്തരമൊരു വിഷയമുള്ളത് മുൻ കൗൺസിലർ നഗരസഭയെ അറിയിച്ചില്ലെന്നും ചാന്ദ്നി പറഞ്ഞു. വീടില്ലാത്ത സദാനന്ദന് നികുതിയടക്കാൻ നോട്ടീസ് ലഭിച്ചത് ഉദ്യോഗസ്ഥർക്ക് വന്ന വീഴ്ചയാണെന്ന് ചാന്ദ്നി പറഞ്ഞു. 

Tags:    
News Summary - 60-year-old man in Mukkam has been living in a toilet for over two years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT