തകർന്നു കിടക്കുന്ന പൊയിൽകാവ്-തുവ്വപ്പാറ റോഡ്
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശപാത ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുള്ള പാതയാണ് പാടെ തകര്‍ന്നുകിടക്കുന്നത്. കാപ്പാട് തുവ്വപ്പാറക്ക് സമീപം ഇപ്പോൾ ഇരുചക്ര വാഹനത്തിന് പോകാനുളള വഴി മാത്രമാണുള്ളത്. ഇവിടെ റോഡ് മുഴുവനായും കടലെടുത്തിരിക്കുകയാണ്. തുവ്വപ്പാറ മുതല്‍ പൊയില്‍ക്കാവ് ബീച്ച് വരെയും ഹാർബറിലേക്കുള്ള പാതയും സമാന സ്ഥിതിയിലാണ്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ പൊതുശ്മശാനമുള്ള സ്ഥലത്തും റോഡ് പൂര്‍ണമായി തകര്‍ന്നു കിടപ്പാണ്. പ്ലാസ്റ്റിക് മാലിന്യനിക്ഷേപവും വേർതിരിക്കൽ കേന്ദ്രവും ഇവിടെയാണ്. കടലാക്രമണത്തിൽ അഞ്ചു വര്‍ഷത്തിലേറെയായി തീരപാത തകര്‍ന്നു കിടപ്പാണ്. കൊയിലാണ്ടിയില്‍നിന്ന് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിലെത്താനുളള എളുപ്പ മാര്‍ഗമാണിത്. കലുങ്ക് പ്രവർത്തനത്തിനായി ഈ റോഡ് പൊളിച്ച നിലയിലുമാണ്. ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പിനാണ് റോഡ് ഗതാഗതയോഗ്യമാക്കേണ്ടതിന്റെ ചുമതല.
എന്നാല്‍, കടലാക്രമണത്തില്‍ തകര്‍ന്ന കടല്‍ ഭിത്തി പുനര്‍നിർമിച്ചാല്‍ മാത്രമേ റോഡ് നന്നാക്കുന്നതുകൊണ്ട് പ്രയോജനം കിട്ടുകയുള്ളൂവെന്നാണ് ഹാര്‍ബര്‍ എൻജിനിയറിങ് വകുപ്പ് അധികൃതര്‍ പറയുന്നത്. ഈ ഭാഗത്ത് രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടല്‍ഭിത്തി കുറച്ചു കൂടി പൊക്കത്തില്‍ പുനര്‍നിർമിക്കാന്‍ ആറുകോടി രൂപ അനുവദിച്ചിരുന്നു. മേജര്‍ ഇറിഗേഷന്‍ വകുപ്പിനാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
റോഡ് തകരുമ്പോൾ ലക്ഷങ്ങൾ മുടക്കി വലിയ കരിങ്കല്ലുകൾ ഇറക്കി കുഴിയിൽ നിക്ഷേപിക്കാറുണ്ടെങ്കിലും അതുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാവുന്നില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി വിവിധ സമര പരിപാടികൾ ഇതിനകം നടന്നെങ്കിലും അധികൃതർ ഇപ്പോഴും പ്രവർത്തനമാരംഭിച്ചിട്ടില്ല. കാപ്പാട് ബീച്ചിന് ആറാം തവണയും ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചിട്ടും റോഡിന്‍റെ അവസ്ഥ പരിതാപകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.