പിടിയിലായ പ്രതികൾ
കൊടുവള്ളി : കല്യാണസംഘം സഞ്ചരിച്ച ബസിനുനേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം. ദേശീയപാതയിൽ വെണ്ണക്കാട് പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസിന് നേരെയാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതികളായ കാസർകോട് സ്വദേശികളായ ആട് ശമീർ, കൊളവയൽ അസീസ്, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അജ്മൽ എന്നിവരെ പൊലീസ് പിടികൂടി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് ആളുകളെ ഇറക്കിയശേഷം തിരിക്കാനായി പെട്രോൾ പമ്പിലേക്ക് കയറ്റുകയായിരുന്നു. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിൽ ഉണ്ടായിരുന്നവർ ബസ് ജീവനക്കാരുമായി തർക്കിക്കുകയും കമ്പിയെടുത്ത് ബസ് ജീവനക്കാരനെ ആക്രമിക്കുകയും ബസിന്റെ ചില്ല് അടിച്ച് തകർക്കുകയുമായിരുന്നു. അക്രമികൾ ബസിനുനേരെ ഉഗ്രശേഷിയുള്ള രണ്ട് പടക്കങ്ങൾ എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തു. പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വലിയ അപകടമാണ് തലനാരിഴക്ക് ഒഴിവായത്. തുടർന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തി സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ബസ് തൊഴിലാളി സനൽ ബാലകൃഷ്ണനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമികൾ നരിക്കുനി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി അറിഞ്ഞ പൊലീസ് കാർ പിന്തുടർന്നു. ഇതിനിടെ പൊലീസ് വാഹനത്തിന് നേരെയും അക്രമിസംഘം പടക്കമെമെറിഞ്ഞു. മടവൂർമുക്ക് പള്ളിത്താഴം വയൽ ഭാഗത്ത് എത്തിയപ്പോൾ സംഘം കാർ നിർത്തി ഓടി രക്ഷപ്പെടുന്നതിനിടെ പൊലീസും നാട്ടുകാരും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. നാട്ടുകാർക്കും പൊലീസിനും നേരെയും സംഘം ആക്രമണം നടത്തി. എസ്.ഐ വി.പി. ആന്റണി, സി.പി.ഒമാരായ നവാസ്, റിജോ മാത്യു എന്നിവർക്കും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സതേടി. മാസങ്ങൾക്കു മുമ്പ് ഈസ്റ്റ് കിഴക്കോത്ത് യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിൽ ഉൾപ്പെട്ടവരാണ് പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.