ഇരുമോത്ത് അങ്ങാടിക്കു സമീപത്തെ കലുങ്കിലെയും ഓവുചാലിലെയും ചളിയും മാലിന്യങ്ങളും നീക്കംചെയ്യുന്നു
കൊടുവള്ളി: ദേശീയപാത 766ൽ വാവാട് ഇരുമോത്ത് അങ്ങാടിക്കു സമീപം ദേശീയപാതയിലെ വെള്ളക്കെട്ടിന് താൽകാലിക പരിഹാരമായി.
നാഷനൽ ഹൈവേ ഉദ്യോഗസ്ഥർ തൊഴിലാളികളെയും എക്സ്കവേറ്ററും ഉപയോഗിച്ച് ചൊവ്വാഴ്ച കലുങ്കിലെയും ഓവുചാലിലെയും ചളിയും മാലിന്യങ്ങളും നീക്കംചെയ്താണ് പ്രശ്നം പരിഹരിച്ചത്. അദാനി ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ പുരോഗമിക്കുന്ന ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്കായി ചാല് കീറുന്നതിനിടെ മണ്ണുവന്ന് അടഞ്ഞ ഓവുചാൽ അടയുകയും റോഡിന് കുറുകെയുള്ള കൽവർട്ട് മാലിന്യങ്ങൾ നിറഞ്ഞ് അടയുകയുമായിരുന്നു. ഇതോടെ ചെറിയ മഴയിൽ പോലും പ്രദേശം വെള്ളത്തിൽ മുങ്ങുകയും റോഡിനു സമീപത്തെ വീടുകളിലെല്ലാം വെള്ളംകയറി ചളി നിറഞ്ഞ് ദുരിതം പേറുകയുമായിരുന്നു. കഴിഞ്ഞ ദിവസം കൽവർട്ടിലെ മണ്ണ് നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഇവ പൂർണമായും നിക്കംചെയ്യാൻ കഴിയാത്തതിനാൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം മാധ്യമം ചൊവ്വാഴ്ചയും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥർ വീണ്ടും സ്ഥലത്തെത്തി പരിശോധന നടത്തി കോൺക്രീറ്റ് സ്ലാബുകൾ എടുത്തുമാറ്റുകയും ചളിയും മാലിന്യവും നീക്കംചെയ്ത് താൽക്കാലിക പരിഹാരമുണ്ടാക്കുകയും ചെയ്തത്.
കുന്നിൻപ്രദേശത്തുനിന്നും ശക്തമായി ഒലിച്ചെത്തുന്ന മഴവെള്ളത്തിന് സുഖമായി ഒഴുകുന്നതിന് സൗകര്യമുള്ള ഓവുചാലും കൽവർട്ടും ഇല്ലാത്തതാണ് മാലിന്യങ്ങൾ അടഞ്ഞ് ഒഴുക്ക് തടസ്സപ്പെടുവാൻ കാരണമാകുന്നത്. റോഡ് ഉയർത്തി പ്രദേശത്ത് പുതിയ കൽവർട്ട് നിർമിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.