കൊടുവള്ളി സ്കൂളിൽ സീനിയർ വിദ്യാർഥികളുടെ മർദനത്തിൽ
പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി മുഹമ്മദ് റസൽ ആശുപത്രിയിൽ ചികിത്സയിൽ
കൊടുവള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥി സംഘർഷം പതിവാകുന്നു. ചേരിതിരിഞ്ഞ് പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് നിത്യവും സംഘർഷമുണ്ടാവുന്നത്. റാഗിങ്ങിന്റെ പേരിലും ചെറിയ തർക്കങ്ങളുമായി ബന്ധപ്പെട്ടുമാണ് സ്കൂളിനകത്തും പരിസര പ്രദേശങ്ങളിൽവെച്ചും വിദ്യാർഥികൾ തമ്മിൽ വാക്കുതർക്കങ്ങളുണ്ടാവുകയും അത് സംഘട്ടനത്തിലെത്തുകയും ചെയ്യുന്നത്. ഇത് പരിസരവാസികൾക്കും നാട്ടുകാർക്കും വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വെള്ളിയാഴ്ച പ്ലസ് വൺ വിദ്യാർഥിയായ മുക്കിലങ്ങാടി സ്വദേശി മുഹമ്മദ് റസലിനെ പ്ലസ്ടു വിദ്യാർഥികൾ സംഘടിച്ചെത്തി ക്ലാസിൽ കയറി വസ്ത്രമഴിക്കാൻ ആവശ്യപ്പെടുകയും നിരാകരിച്ച റസലിനെ മർദിച്ചവശനാക്കുകയും ചെയ്തുവെന്നാണ് പരാതി. മർദനത്തിൽ പരിക്കേറ്റ് മൂത്രതടസ്സമനുഭവപെട്ട റസലിനെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് റസലും പിതാവും പ്രിൻസിപ്പലിനും പൊലീസിനും പരാതി നൽകി.
സ്കൂളിൽ ഒരാഴ്ച മുമ്പും ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ പരാതി പൊലീസിന് കൈമാറിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പും വിദ്യാർഥിക്ക് മർദനമേറ്റ സംഭവം നടന്നിട്ടുണ്ട്. പരാതികളിൽ നടപടി സ്വീകരിക്കുന്നതിനായി വ്യാഴാഴ്ച ആൻഡി റാഗിങ് കമ്മിറ്റി യോഗം ചേർന്നതായി പി.ടി.എ പ്രസിഡന്റ് ആർ.വി. റഷീദ് പറഞ്ഞു. പരാതികൾ പ്രിൻസിപ്പൽ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും പി.ടി.എ പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.