representational image

അംഗൻവാടി ജീവനക്കാരുടെ നിയമനം; പ്രതിഷേധവുമായി എൽ.ഡി.എഫ്

കൊടുവള്ളി: നഗരസഭയിൽ അംഗൻവാടി ജീവനക്കാരുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് രൂപവത്കരിച്ച ഇന്റർവ്യൂ ബോർഡിന്റെ മറവിൽ പണം വാങ്ങി പിൻവാതിൽ നിയമനം നടത്താനുള്ള നീക്കം പ്രതിഷേധാർഹമാണെന്നും ഭരണസമിതി ചർച്ച ചെയ്യാത്ത കാര്യം മിനിറ്റ്സിൽ കൂട്ടിച്ചേർത്ത് നടത്തുന്ന തിരിമറി ഒറ്റക്കെട്ടായി നേരിടുമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ പ്രസ്താവനയിൽ പറഞ്ഞു.

ആഗസ്റ്റ് 10ന് ചേർന്ന ഭരണസമിതി യോഗത്തിന്റെ അജണ്ടയിൽ ഇന്റർവ്യൂ ബോർഡ് രൂപവത്കരിക്കുന്ന വിഷയം ഉൾപ്പെട്ടിരുന്നില്ല. യോഗം ചേർന്ന് 48 മണിക്കൂറിനകം മിനിറ്റ്സിൽ അംഗീകരിച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

എന്നാൽ, യോഗം കഴിഞ്ഞ് ഒന്നര മാസത്തിനുശേഷമുള്ള തീയതിയായ സെപ്റ്റംബർ 29നാണ് സപ്ലിമെന്ററി അജണ്ടയായി ഇക്കാര്യം ഉൾപ്പെടുത്തി ലീഗ് മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ള ഇന്റർവ്യൂ ബോർഡിനെ നിശ്ചയിച്ച തീരുമാനം കൃത്രിമമായി കൂട്ടിച്ചേർത്തതെന്ന് രേഖകളിൽനിന്ന് വ്യക്തമാണ്.

നഗരസഭ പരിധിയിലുള്ള അംഗൻവാടികളിൽ നിലവിലുള്ള വർക്കർമാരുടെയും ഹെൽപർമാരുടെയും ഒഴിവുകളിൽ ജീവനക്കാരെ നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയാറാക്കാൻ ഒക്ടോബർ 27 മുതലാണ് അഭിമുഖം നടത്തുന്നത്. നിയമിക്കുന്നതിനുള്ള ഉദ്യോഗാർഥികളെ മുൻകൂട്ടി നിശ്ചയിച്ചശേഷം നടത്തുന്ന അഭിമുഖം പ്രഹസനമാണ്.

ചെയർമാന്റെയും ഭരണകക്ഷികളുടെയും ചെയ്തികൾക്കെതിരിൽ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് കൗൺസിലർമാരായ വായോളി മുഹമ്മദ്, പി.സി. ജമീല, സി.പി. നാസർകോയ തങ്ങൾ, ഇ. ബാലൻ, സ്വതന്ത്ര അംഗം ഫൈസൽ കാരാട്ട്, കെ. സുരേന്ദ്രൻ, കെ.സി. സോജിത്ത്, അഡ്വ. മുഹമ്മദ് ഉനൈസ്, അഡ്വ. അർഷ അശോകൻ, ടി.കെ. ശംസുദ്ദീൻ, ആയിഷ അബ്ദുല്ല എന്നിവർ പറഞ്ഞു.

Tags:    
News Summary - Recruitment of Anganwadi staff-LDF protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.