ലക്ഷങ്ങൾ മുടക്കി നിർമിച്ച പറമ്പത്ത്കാവ് കുളം നശിക്കുന്നു

കൊടുവള്ളി: നഗരസഭയിലെ പറമ്പത്ത്കാവ് ഡിവിഷനിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ച പറമ്പത്ത്കാവ് കുളം പ്രയോജനമില്ലാതെ നശിക്കുന്നു. 1995-2000 കാലഘട്ടത്തിൽ സാമൂഹിക ജലസേചന പദ്ധതിയായി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി അഞ്ചുലക്ഷം രൂപ മുടക്കി നിർമിച്ചതാണ് പറമ്പത്ത്കാവ് കുളം. സുബൈദ റഹീം ഗ്രാമപഞ്ചായത്ത് പ്രസിഡൻറും റസിയ ഇബ്രാഹീം ബ്ലോക്ക് പഞ്ചായത്ത് അംഗവും കോതൂർ അബ്ദുൽ ഖാദർ ഹാജി ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സമയത്താണ് പറമ്പത്ത്കാവ് വയലിൽ ഏഴ് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി കുളം നിർമിച്ചത്.

സമീപത്തെ വയലിലെ കൃഷി ആവശ്യത്തിനും നീന്തലിനും കുളിക്കാനുമൊക്കെയായിരുന്നു കുളം ഉപയോഗിച്ചിരുന്നത്. ദൂര സ്ഥലങ്ങളിൽനിന്നുപോലും നീന്തൽ പഠിക്കാൻ കുട്ടികൾ ഉൾപ്പെടെ ധാരാളം ആളുകൾ ഇവിടെ എത്തിയിരുന്നു. നിർമാണത്തിലെ അശാസ്ത്രീയത കാരണം കുളത്തിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാതെ വെള്ളം കെട്ടിക്കിടന്ന് അഴുക്കുനിറഞ്ഞ് ചീത്തയാകുകയാണ്.

കുളത്തിന് സമീപത്തുകൂടെ ഒഴുകുന്ന പെരിയാംതോട് -പറമ്പത്ത്കാവ് തോട്ടിൽനിന്ന് മഴക്കാലത്ത് വൻതോതിൽ മാലിന്യം ഒഴുകിവന്ന് കുളത്തിലേക്ക് പ്രവേശിക്കുന്നതാണ് കുളം നേരിട്ടിരുന്ന വലിയ ഭീഷണി. കൊടുവള്ളി അങ്ങാടിയിലും പെരിയാംതോട് ഭാഗത്തും നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് ശക്തമായ മഴയിൽ തോട് കവിഞ്ഞൊഴുകി കുളത്തിൽ പതിക്കുന്നത്. ഇതിന്റെ ഫലമായി കുളത്തിൽ നീന്തൽ പഠിക്കാനും കുളിക്കാനും കഴിയാത്ത അവസ്ഥയായി.

ഏതാനും വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി കുളത്തിന്റെ വശങ്ങൾ ഇടിഞ്ഞത് കെട്ടി കോൺക്രീറ്റ് ചെയ്ത് നന്നാക്കിയിരുന്നു. എന്നാൽ, കെട്ടിനടിയിലൂടെ കുളത്തിലേക്ക് ചളിവെള്ളം കയറുന്നതിനാൽ കുളം പഴയ അവസ്ഥയിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. രൂക്ഷമായ വേനലിൽപോലും മൂന്ന് ആൾ പൊക്കത്തിൽ കുളത്തിൽ വെള്ളമുണ്ടായിരുന്നു. ഇപ്പോൾ അടിഭാഗത്ത് ചളി നിറഞ്ഞിരിക്കുകയാണ്. ഇതിനാൽ കുളം എപ്പോഴും കലങ്ങിയ അവസ്ഥയിലാണ്.

കുളം നവീകരിച്ച് സംരക്ഷിച്ചാൽ വേനൽക്കാലത്ത് നഗരസഭയിലെ കുടിവെള്ളവിതരണത്തിനും കർഷകർക്ക് കാർഷികാവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയും.

Tags:    
News Summary - Parambathkavu pool, built at a cost of lakhs, is being destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.