ക​ണ്ടാ​ല​മ​ല​യി​ലെ അ​ജൈ​വ മാ​ലി​ന്യം പൂ​ർ​ണ​മാ​യും നീ​ക്കം​ചെ​യ്ത ഹ​രി​ത​ക​ർ​മ

സേ​നാം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ അ​ധികൃതർക്കൊപ്പം ആഹ്ലാദം പങ്കുവെക്കുന്നു

വാവാട് കണ്ടാലമലയിലെ അജൈവ മാലിന്യങ്ങൾ നഗരസഭ നീക്കംചെയ്തു

കൊടുവള്ളി: നഗരസഭ ഹരിത കർമസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിച്ച് കണ്ടാലമലയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങൾ നഗരസഭ പൂർണമായും സംസ്കരണത്തിനായി നീക്കംചെയ്തു. മാലിന്യപ്രശ്നം സംബന്ധിച്ച് 'മാധ്യമം' നേരത്തേ വാർത്ത നൽകിയിരുന്നു. ഇതോടെയാണ് നഗരസഭ നടപടികൾ വേഗത്തിലാക്കിയത്.

2022-23 വാർഷിക പദ്ധതിയിൽ 'അജൈവ മാലിന്യം നീക്കംചെയ്യൽ' എന്ന പദ്ധതി പ്രകാരം ടെൻഡറെടുത്ത ഗ്രീൻ വേംസ് ഇക്കോ സൊലൂഷൻ എന്ന സ്ഥാപനമാണ് 500 ടണോളം വരുന്ന അജൈവ മാലിന്യങ്ങൾ നീക്കംചെയ്തിട്ടുള്ളത്. 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട 'അജൈവ മാലിന്യം കയറ്റി അയക്കൽ' എന്ന പദ്ധതിയിൽ വകയിരുത്തിയ തുക തീർന്നുപോവുകയും 2022-23 വാർഷിക പദ്ധതി രൂപവത്കരിക്കുന്നതിനുണ്ടായ കാലതാമസത്തെ തുടർന്നുള്ള മൂന്നു മാസത്തെ ഇടവേളയിൽ മാലിന്യശേഖരണം പൂർണമായും നിർത്തിവെക്കാതെ കണ്ടാലമലയിൽ താൽക്കാലികമായി ശേഖരിച്ചുവെക്കുകയുമായിരുന്നു.

2022 ജൂലൈ അവസാനത്തോടെ പദ്ധതിക്ക് ഡി.പി.സി അംഗീകാരം ലഭിക്കുകയും ഇ-ടെൻഡർ ചെയ്ത് പുതിയ ഏജൻസിയെ കണ്ടെത്തുകയും ഒക്ടോബർ ആദ്യവാരത്തോടെ കണ്ടാലമലയിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യൽ പ്രവൃത്തി ആരംഭിച്ചെങ്കിലും ചിലർ പ്രദേശവാസികൾക്കിടയിൽ ഭീതിപരത്താൻ ശ്രമിക്കുകയും കുപ്രചാരണങ്ങൾ നടത്തുകയും ചെയ്തതായി നഗരസഭ അധികൃതർ പറഞ്ഞു.

കൊടുവള്ളി നഗരസഭക്ക് പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം ലഭ്യമല്ലാത്തതിനാൽ കണ്ടാലമലയുടെ മുകളിൽ നഗരസഭ സ്വന്തമായുള്ള 60 സെന്റ് സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. 25 ലക്ഷം രൂപയോളം ചെലവഴിച്ച് റോഡ് നിർമാണം നടത്തിയിട്ടുള്ളതും ഭാഗികമായി കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയിട്ടുള്ളതുമാണ്.

പ്രദേശത്ത് വൈദ്യുതിയില്ലാത്തതിനാൽ ഒരു കിലോമീറ്ററോളം ദൂരെ നിന്നും ത്രീ ഫേസ് ലൈൻ എത്തിക്കുകയും പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റിന്റെ ഭാഗമായുള്ള 120 സ്ക്വയർ ഫീറ്റ് വിശ്രമമുറിയും ബാത്ത് റൂം അടങ്ങിയ കെട്ടിടം നിർമിക്കുകയും ചെയ്തിട്ടുണ്ട്.

ഈ സാമ്പത്തിക വർഷം 23 ലക്ഷം രൂപ അടങ്കലിൽ 300 ടൺ ശേഖരിച്ച് സംസ്കരിക്കാൻ ഉതകുന്ന തരത്തിലുള്ള പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റോടുകൂടിയ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിക്കായുള്ള കെട്ടിട നിർമാണത്തിന് പദ്ധതി രൂപവത്കരിച്ചിട്ടുള്ളതാണ്. കൂടാതെ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി 40 ലക്ഷം രൂപ അടങ്കലിൽ ചുറ്റുമതിൽ നിർമാണത്തിനും അഞ്ചു ലക്ഷം രൂപ അടങ്കലിൽ മെഷിനറികൾ വാങ്ങുന്നതിനും പദ്ധതി രൂപവത്കരിച്ചിട്ടുള്ളതാണ്.

ഈ വർഷം മാർച്ചോടെ കണ്ടാലമല പ്ലാസ്റ്റിക് ഷ്രഡിങ് യൂനിറ്റ് പൂർണമായും പ്രവർത്തനക്ഷമമാക്കുന്ന തരത്തിലാണ് പദ്ധതികൾ നഗരസഭ ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നതെന്ന് ചെയർമാൻ അബ്ദു വെള്ളറ 'മാധ്യമ'ത്തോട് പറഞ്ഞു.

കണ്ടാലമലയിലെ അജൈവ മാലിന്യം പൂർണമായും നീക്കംചെയ്ത ഹരിതകർമ സേനാംഗങ്ങളെ നഗരസഭ അനുമോദിച്ചു. പരിപാടിയിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.എം. സുഷിനി, നഗരസഭ സെക്രട്ടറി ഷാജു പോൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. അനിൽകുമാർ, കൗൺസിലർമാരായ കെ. ശിവദാസൻ, സുബൈദ അബ്ദുസ്സലാം, ശുചിത്വ മിഷൻ കോഓഡിനേറ്റർ ലാജുവന്ദി, ആരോഗ്യവിഭാഗം ജീവനക്കാർ, ഗ്രീൻ വേംസ് ഇക്കോ സൊലൂഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Municipal Corporation removed inorganic waste from vavad Kandalamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.