കൊടുവള്ളി: കൂട്ടത്തോടെ വോട്ട് തളളിയ കൊടുവള്ളി നഗരസഭയിൽ സെക്രട്ടറി അവധിയിൽ പ്രവേശിച്ചിട്ട് ആറ് ദിവസം. വോട്ട് നഷ്ടപ്പെട്ടവർ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കേണ്ട സെക്രട്ടറി നഗരസഭയിലെത്താത്തതിനാൽ അനിശ്ചിതത്വം തുടരുന്നു. വെള്ളിയാഴ്ച നഗരസഭ സുപ്രണ്ട് പി. സിന്ദുവും ഓഫിസിലെത്തിയില്ല. ഇലക്ഷൻ ചുമതലയുള്ള ചില ജീവനക്കാരും അവധിയിലാണുള്ളത്. ഓഫിസ് പ്രവർത്തനവും നിശ്ചലമാകുന്ന സ്ഥിതിയിലാണുള്ളത്.
തിങ്കളാഴ്‌ച വോട്ടർപട്ടികയിൽനിന്ന് പുറത്തായവർ കൂട്ടത്തോടെ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയും കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ ഉത്തരവിട്ടിരുന്നു. ഇതിൽ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് വോട്ടർമാർ പറയുന്നത്. കലക്ടർക്കു മുന്നിലെത്തിയ വോട്ടർമാരോട് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്‌ടർക്കു പരാതി നൽകാനാണ് നിർദേശം നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപന ജോ. ഡയറക്‌ടർ, കൊടുവള്ളി നഗരസഭ സെക്രട്ടറിയോട് വിശദീകരണം തേടി. സെക്രട്ടറി അവധിയിലായതിനാൽ ഇതുമായി ബന്ധപ്പെട്ട് വ്യക്തമായ വിശദീകരണം നൽകാൻ നഗരസഭ സൂപ്രണ്ടോ മറ്റ് ഉദ്യോഗസ്ഥരോ തയാറാകുന്നില്ല. പരാതിയുമായി എത്തുന്നവരോട് ഇതുസംബന്ധിച്ച രേഖകൾ നഗരസഭ ഓഫിസിലില്ലെന്നും നഗരസഭ സെക്രട്ടറി കൊണ്ടുപോയതാണെന്നുമുള്ള മറുപടിയാണ് സൂപ്രണ്ട് രേഖാമൂലം നൽകിയത്. പ്രതിഷേധം ശക്തമായ ദിവസങ്ങളിൽ പൊലീസ് കാവലിലാണ് നഗരസഭ പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.