കൊടുവള്ളി സിറാജ് മേൽപാലം: ഭൂമി അളന്നു

കൊടുവള്ളി: കൊടുവള്ളിയുടെ മുഖച്ഛായതന്നെ മാറുന്ന തുരങ്കം റോഡ് ഉൾപ്പെടുന്ന കൊടുവള്ളി സിറാജ് മേൽപാലത്തി​െൻറ പ്രവൃത്തികൾ ആരംഭിക്കുന്നതി​െൻറ ഭാഗമായി പൊതുമരാമത്ത്, റവന്യു ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ പ്രവൃത്തിക്കായി ഏറ്റെടുക്കേണ്ട ഭാഗങ്ങൾ അളന്ന് തിട്ടപ്പെടുത്തുകയും ഭൂഉടമകൾക്കും കച്ചവടക്കാർക്കും അതിരുകൾ കാണിച്ചുകൊടുക്കുകയും ചെയ്തു.

സർവേയർ ശ്യാംലാൽ, റവന്യു ഇൻസ്പെകടർമാരായ ദിനേശൻ, അനസ്, കിറ്റ്കോ പ്രോജക്ട് എൻജിനീയർ സൻജോ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊടുവള്ളി സി.ഐ ചന്ദ്രമോഹൻ, എസ്.ഐ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ഭൂവുടമകൾ, കച്ചവട സംഘടന പ്രതിനിധികൾ, ബിൽഡിങ് ഓണേഴ്സ് പ്രതിനിധികൾ, മേൽപാലം സപ്പോർട്ടിങ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. നിർമാണപ്രവൃത്തികൾക്ക് ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ നേരത്തേ അളന്നു തിട്ടപ്പെടുത്തിയിരുന്നു.

തിട്ടപ്പെടുത്തിയ ഭാഗത്ത് സ്ഥാപിച്ച കല്ലുകൾ പലതും കാണാതാവുകയും ചെയ്തിരുന്നു. ഇത് പുനഃസ്ഥാപിക്കുന്നതിനും മാർക്ക് ചെയ്ത ഭാഗങ്ങൾ ഏതെല്ലാമെന്ന് ഭൂവുടമകളെ കാണിച്ച് ഉറപ്പുവരുത്തുന്നതിനുമാണ് ഇന്നലെ ഉദ്യോഗസ്ഥർ വീണ്ടും കൊടുവള്ളിയിലെത്തിയത്. ഭൂമി ഏറ്റെടുക്കലുമായി സംബന്ധിച്ചുള്ള 11/1 നോട്ടിഫിക്കേഷൻ ഗസറ്റ് വിജ്ഞാപനം സർക്കാർ ജൂലൈയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു.

27 സർവേ നമ്പറുകളിൽ ഉൾപ്പെട്ട 0.2810 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ വിജ്ഞാപനമായത്. പ്രവൃത്തികൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട് ബോർഡ് (കിഫ്ബി) 54.03 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടവും ഭൂമിയും നഷ്​ടപ്പെടുന്നവർക്ക് നഷ്​ടപരിഹാരവും ഉറപ്പുനൽകുന്നുണ്ട്.

സിറാജ് ബൈപാസ് ജങ്ഷൻ മുതൽ പാലക്കുറ്റി െപട്രോൾ പമ്പ് വരെ 800 മീറ്റർ നീളത്തിലാണ് തുരങ്കം റോഡ് ഉൾപ്പെടുന്ന മേൽപാലം നിർമിക്കുക. സിറാജ് ബൈപാസ് ജങ്ഷൻ മുതൽ കെ.എസ്.ഇ.ബി ഓഫിസിനു സമീപം വരെ മേൽപാലവും, ബൈപാസ് ജങ്ഷൻ മുതൽ പഴയ പൊലീസ് സ്​റ്റേഷൻ ഭാഗം വരെ തുരങ്കം റോഡുമാണുണ്ടാവുക. നിലവിലുള്ള റോഡ് നിലനിർത്തി റോഡിനിരുവശത്തും ഏഴര മീറ്റർ വീതിയിൽ സർവിസ് റോഡുകളുമുണ്ടാവും. 12 മീറ്റർ വീതിയിലാവും പാലമുണ്ടാവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.