കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ ആശങ്കയുയർത്തി മഞ്ഞപ്പിത്തം പടരുന്നു. 14, 15, 16 കണ്ടിയിൽ, പന്നൂർ, ഒഴലക്കുന്ന് വാർഡുകളിലാണ് മഞ്ഞപ്പിത്തം വ്യാപകമായി പടർന്ന് പിടിച്ചിരിക്കുന്നത്.
ഇതിനകം 30 പേർക്ക് മഞ്ഞപ്പിത്ത രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ദിവസേന ശരാശരി 10ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നുണ്ട്. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
മറ്റുള്ളവർ വീടുകളിൽ കഴിയുകയാണ്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു രോഗിയുടെ നില അൽപം ഗുരുതരമാണ്. കുന്നോത്ത് വയൽ കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളാണ് രോഗം പിടിപ്പെട്ടവരിൽ അധികമുള്ളത്. 130ൽ കൂടുതലാളുകൾ ഗുണഭോക്താക്കളായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ കുടിവെള്ള പദ്ധതിയുടെ കിണറിനുസമീപത്തുള്ള തോട് നിറഞ്ഞൊഴുകിയിരുന്നു. ഇതിലൂടെ മലിന ജലം കിണറ്റിലേക്കും സമീപത്തെ കുളത്തിലേക്കും പടർന്നിരുന്നു.
കുളത്തിൽ കുളിച്ചവരും കുടിവെള്ളം ഉപയോഗിച്ചവരുമാണ് രോഗം ബാധിച്ചവരിൽ ഏറെയും. ആരോഗ്യ പ്രവർത്തകർ പ്രദേശങ്ങളിൽ ബോധവത്കരണവും സർവേയും നടത്തി. കിഴക്കോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗജന്യനിരക്കിൽ പരിശോധന നടത്താം. മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും. രോഗലക്ഷണമുള്ളവർ നിർബന്ധമായും പരിശോധന നടത്തണമെന്നും കഴിവതും തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.