ബൈക്ക് കത്തിനശിച്ച് യുവാക്കളുടെ മരണം അപകടത്തിന്റെ ഞെട്ടലിൽ പ്രദേശവാസികൾ

കൊടുവള്ളി: ദേശീയപാത 766ൽ സൗത്ത് കൊടുവള്ളി ഞണ്ടാടിക്കുനിയിൽ റേഷൻ കടക്കുമുന്നിൽ ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് കത്തിനശിച്ച് രണ്ട് യുവാക്കൾ ദാരുണമായി മരിച്ചത് പ്രദേശവാസികൾക്ക് ​ആഘാതമായി.

ബാലുശ്ശേരി സ്വദേശികളായ കിനാലൂർ എസ്റ്റേറ്റ്കാര പറമ്പിൽ ആലിക്കോയയുടെ മകൻ കെ.പി. ജാസിർ (40), കണ്ണാടിപോയിൽ മുരിങ്ങനാട്ടുചാലിൽ ശശിയുടെ മകൻ അഭിനന്ദ് (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലർച്ച 4.45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ സമീപവാസികളാണ് അപകടമറിയുന്നത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച രണ്ടു യുവാക്കൾക്കും തലക്കും ശരീരത്തിലും ഗുരുതരമായി പരിക്ക് പറ്റുകയും പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

ആദ്യഘട്ടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിരുന്നില്ല. അപകടം നടന്ന സ്ഥലത്തുനിന്നും രണ്ടു ഫോണുകൾ കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്പർ ​​പ്ലേറ്റ് കത്തിയ നിലയിലായിരുന്നു. നിയന്ത്രണം വിട്ട് ഇലക്ട്രിക് തൂണിലിടിച്ച ബൈക്ക് പൂർണമായും കത്തിയമർന്നു. അപകട സ്ഥലത്തുനിന്നും ലഭിച്ച ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിച്ചറിഞ്ഞത്. അതേസമയം, മോഷണം, ലഹരി കടത്ത് ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് ഇവർ. അടുത്തിടെ മോഷണക്കേസിൽ പ്രതിയായി റിമാൻഡിലുള്ളയാളുടെ ബൈക്കാണ് ഇവർ ഉപയോഗിച്ചത്.

ജാസിറിന്റെ പേരിൽ ചൊക്ലി പൊലീസ് സ്റ്റേഷനിൽ ലഹരി കടത്തിലും ബാലുശ്ശേരി സ്റ്റേഷനിൽ കളവ്, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയും കേസുകളുണ്ട്. അഭിനന്ദിന്റെ പേരിൽ പന്തീരാങ്കാവ്, കൊടുവള്ളി, ഫറോക്ക്, കാടാമ്പുഴ, ടൗൺ ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ കളവ്, അടിപിടി, ലഹരികടത്ത് ഉൾപ്പെടെ കേസുകളുണ്ട്. ഇവർ ഉപയോഗിച്ച ബൈക്ക് കോഴിക്കോട് ടൗൺ സ്റ്റേഷന് സമീപത്തെ, മോഷണക്കേസിൽ ജയിലിൽ കഴിയുന്ന മരിച്ച ജാസിറിന്റെ ബന്ധുവായ അർഷാദ് എന്നയാളുടേതാണെന്ന് പൊലീസ് അറിയിച്ചു. ഇയാൾ റിമാൻഡിൽ കഴിയുന്നതിനിടെ ബൈക്ക് ജാസിർ ഉപയോഗിക്കുകയായിരുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ദുരൂഹതകളില്ലെന്ന് പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - Bike-Fire-Death-Shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.