കക്കോടി: സംസ്ഥാനത്ത് ഹൗസ് ബോട്ട് അടക്കമുള്ള യന്ത്രവത്കൃത യാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് കേരള മാരിടൈം ബോർഡ് നിബന്ധനകൾ കർശനമാക്കി. ടൂറിസത്തിന്റെ മറവിൽ റജിസ്ട്രേഷനും സുരക്ഷയുമില്ലാതെ ഹൗസ് ബോട്ട് ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുരക്ഷ മാനദണ്ഡത്തിനു വിരുദ്ധമായി നിർമിച്ചാണ് പല യാനങ്ങളും സർവിസ് നടത്തുന്നത്. ഉടമകൾ, ഓപറേറ്റർമാർ, മാസ്റ്റേഴ്സ് എന്നിവർക്കും യന്ത്രവത്കൃത യാനങ്ങൾ ഉപയോഗിക്കുന്നവർക്കും ഇതുസംബന്ധിച്ച് നോട്ടീസ് നൽകി.
ഹൗസ് ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ തുടങ്ങി എല്ലാ യന്ത്രവത്കൃത ഉൾനാടൻ ജലയാനങ്ങളും റജിസ്ട്രേഷൻ, സർവേ നടപടി പൂർത്തിയാക്കണം. ഇല്ലെങ്കിൽ ജലയാനങ്ങൾ പിടികൂടി നശിപ്പിക്കാനാണ് നിർദേശം. പോർട്ട് ഓഫിസുകളിലെ ഉദ്യോഗസ്ഥരെയും പൊലീസിനെയും വരുതിയിലാക്കിയാണ് പല യാനങ്ങളും അനധികൃതമായി പ്രവർത്തിക്കുന്നത്.
രജിസ്ട്രേഷൻ ഇല്ലാത്തവക്ക് പോർട്ട് ഓഫിസിൽ അപേക്ഷ സമർപ്പിക്കാൻ ജൂലൈ 15 വരെ സമയമുണ്ട്. പുതിയ ഉൾനാടൻ യന്ത്രവത്കൃത ജലയാനങ്ങൾ ‘കേരള നൗക’ എന്ന ഇ- പോർട്ടൽ വഴി മാത്രമേ രജിസ്റ്റർ ചെയ്യൂ. നേരിട്ട് പോർട്ട് ഓഫ് രജിസ്ട്രികളിൽ അപേക്ഷ സ്വീകരിക്കില്ല.
പരമാവധി യാത്രക്കാരുടെ എണ്ണം അടക്കം വിവരങ്ങൾ പ്രദർശിപ്പിക്കാത്ത ജലയാനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. വ്യാജ രജിസ്ട്രേഷൻ നമ്പറുകൾ, മറ്റു യാനങ്ങളുടെ റജിസ്ട്രേഷൻ നമ്പർ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യാനങ്ങളെ കുറിച്ചും സൂചനയുണ്ട്. യാത്ര ചെയ്യുന്നവർ റജിസ്റ്റർ ചെയ്ത യാനങ്ങളാണോയെന്ന് പരിശോധിക്കണം. നിയമലംഘനം നടത്തുന്ന യാനങ്ങളെ കുറിച്ച് 9446865248 നമ്പർ മുഖേനയോ alapuzha port@gmail.com ഇ-മെയിൽ വിലാസത്തിലോ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.