വെള്ളിമാടുകുന്ന്: കവർന്ന ടിപ്പറുമായിപോയ മോഷ്ടാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടി. പൊലീസ് പിന്തുടരുന്ന വിവരം അറിഞ്ഞതോടെ അമിത വേഗത്തിൽ ഒാടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഏഴ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച ടിപ്പർ ലോറിയും രണ്ട് മോഷ്ടാക്കളെയുമാണ് എലത്തൂർ പൊലീസ് സാഹസികമായി പിടികൂടിയത്. സംഭവത്തിൽ കാപ്പാട് കണ്ണൻ കടവ് പടിഞ്ഞാറെ ഉമ്മർ കണ്ടി അബ്ബാസ് (20), പണിക്കർ റോഡ് നാലുകോടി നിധീഷ് (22) എന്നിവരെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. മലാപ്പറമ്പ് മലാക്കുഴിയിൽ ബഷീറിൻെറ ഉടമസ്ഥതയിലുളള കെ.എൽ 57 8485 ടിപ്പർ ലോറി എം-സാൻഡ് നിറച്ച് എ.ഡി.എം ബംഗ്ലാവിനു സമീപം വെള്ളിയാഴ്ച രാത്രി നിർത്തിയിട്ടതായിരുന്നു.
പുലർെച്ച 4.50 നു പ്രതികൾ വാഹനം കടത്തിക്കൊണ്ടുപോയത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞതിനെ തുടർന്ന് ഉടമകൾ തിരയുകയായിരുന്നു.
ശനിയാഴ്ച രാവിലെ 11 ഓടെ അമിത വേഗത്തിൽ ടിപ്പർ സഞ്ചരിക്കുന്നത് ശ്രദ്ധയിൽ പെട്ട എലത്തൂർ പൊലീസ് പിന്തുടർന്നു. ഇതിനിടെതന്നെ പല വാഹനങ്ങളിലും ഡിവൈഡറിലും ഇടിച്ചിരുന്നു.
കുണ്ടൂപറമ്പിൽനിന്ന് പൊലീസ് പിന്തുടർന്നു. അമ്പലപ്പടി ബൈപാസ്, എരഞ്ഞിക്കൽ, കണ്ടംകുളങ്ങര, പാവങ്ങാട് വഴി നടക്കാവിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ബിലാത്തിക്കുളം ക്ഷേത്രക്കുളത്തിനടുത്ത് വിളക്ക് തൂണിനരികെ ഇടിച്ച് ടയർ കുടുങ്ങി. പ്രതികൾ ഇറങ്ങി ഓടിയെങ്കിലും പ്രദേശവാസികളും പൊലീസും പിന്തുടർന്ന് പിടികൂടുകയായിരുന്നു.
എലത്തൂർ പൊലീസ് അവരെ പിടികൂടി ചേവായൂർ പൊലീസിന് കൈമാറി. ലോറിയിലുണ്ടായിരുന്ന പാറപ്പൊടി പാതി വഴിയിൽ ഇറക്കി വാഹനത്തിലുണ്ടായിരുന്ന കാക്കി യൂനിഫോമും ധരിച്ചായിരുന്നു വാഹനംകടത്തിക്കൊണ്ടുപോയത്.
മലാപ്പറമ്പ് ചോലപ്പുറത്ത് സ്കൂളിൽ കടന്ന് ലാപ് ടോപ്പും സ്പീക്കറും മോഷ്ടിച്ച ശേഷമാണ് ടിപ്പർ മോഷ്ടിച്ച് കടന്നുകളഞ്ഞതെന്ന് ചേവായൂർ പൊലീസ് പറഞ്ഞു. എലത്തൂർ എസ്.ഐ ടി.ആർ. രാജേഷിൻെറ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ പിടികൂടിയത്. ചേവായൂർ എസ്.ഐമാരായ അഭിജിത്ത്, എസ്. ഷാൻ എന്നിവർ തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.