കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റ് ദുരുപയോഗം ചെയ്ത് വ്യാപക തട്ടിപ്പ്

മുക്കം: വൈദ്യുതിവകുപ്പിന്റെ പേരും ഔദ്യോഗിക വെബ്‌സൈറ്റും ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടക്കുന്നതായി പരാതി. മുമ്പുള്ള വൈദ്യുതി ബില്ല് അടച്ചിട്ടില്ലെന്നും പണമടക്കുകയോ ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തുകയോ ചെയ്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നതരത്തിൽ എസ്.എം.എസ്, വാട്സ്ആപ് സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പ് നടക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തിയത്. സന്ദേശത്തിൽ പറഞ്ഞതുപ്രകാരം വൈകീട്ടോടെ തിരിച്ചുവിളിച്ചപ്പോൾ കെ.എസ്.ഇ.ബിയിൽനിന്നാണെന്നും കഴിഞ്ഞമാസത്തെ ബില്ല് പെന്റിങ്ങാണെന്നും പറഞ്ഞ് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് 10 രൂപ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും പിന്നീട് ഫോണിലേക്കുവന്ന ഒ.ടി.പി തിരിച്ചയക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടരത്തുടരെ ഒ.ടി.പി വന്നതോടെ സംശയംതോന്നിയ ഷിജി ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് 3500 രൂപയോളം നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് മുക്കം പൊലീസിൽ പരാതി നൽകി. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ഇംഗ്ലീഷില്‍ ലഭിച്ചുകൊണ്ടിരുന്ന സന്ദേശങ്ങള്‍ ഇപ്പോള്‍ മലയാളത്തിലും അയച്ചാണ് തട്ടിപ്പ് വ്യാപകമാക്കിയിട്ടുള്ളത്. സന്ദേശത്തില്‍ കൊടുത്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനെ സംസാരിക്കും.

പിന്നീട് ടീം വ്യൂവര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടും. സന്ദേശത്തിലുള്ള ലിങ്ക് തുറന്നാല്‍ ചെന്നെത്തുക കെ.എസ്.ഇ.ബിയുടെ വെബ് പേജിലാണ്.

പണമടക്കാനില്ലെങ്കിലും കഴിഞ്ഞ മാസത്തെ ബില്ലുമായി 10 രൂപയുടെ വ്യത്യാസമുണ്ടെന്നും ഇതടക്കണമെന്നുമാണ് അടുത്ത നിർദേശം. ഇതോടെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി വിവരങ്ങള്‍ എന്നിവ നേരത്തെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യും. 

Tags:    
News Summary - fraud by misuse of KSEB's website

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.