മുക്കത്തെ ഹരിത കർമ സേനാംഗങ്ങൾ ഒരുക്കിയ പ്ലാസ്റ്റിക് പൂക്കളം
മുക്കം: പൂക്കളുടെ വർണവൈവിധ്യവുമായി ഓണക്കാലം എത്തിയപ്പോൾ മുക്കത്ത് വേറിട്ടൊരു അത്തപ്പൂക്കളം. പൂക്കൾക്ക് പകരം പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും ഉപയോഗിച്ച് മുക്കം നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങളാണ് ‘പ്ലാസ്റ്റിക് കളം’ ഒരുക്കിയത്. കുറ്റിപ്പാലയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) ഗോഡൗണിലാണ് മാലിന്യങ്ങളിൽ തീർത്ത അത്തപ്പൂക്കളം ഒരുക്കിയത്. വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നുമായി ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് കവറുകൾ, ഉപയോഗശൂന്യമായ പേപ്പറുകൾ തുടങ്ങിയ അജൈവ മാലിന്യങ്ങളാണ് കളമൊരുക്കാൻ ഉപയോഗിച്ചത്.
ശേഖരിച്ച മാലിന്യങ്ങൾ ആദ്യം കൃത്യമായി തരംതിരിച്ചു. പിന്നീട് നിറങ്ങൾക്കനുസരിച്ച് വേർതിരിച്ച് ആവശ്യമായ വലുപ്പത്തിൽ മുറിച്ചെടുത്ത ശേഷമാണ് കളത്തിന്റെ രൂപത്തിലേക്ക് മാറ്റിയത്. സാധാരണ പൂക്കളം ഒരുക്കുന്നതിനെക്കാൾ കൂടുതൽ സമയവും അധ്വാനവും ഇതിനായി വേണ്ടിവന്നതായി ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു.
ഓണത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് ‘പ്ലാസ്റ്റിക് കളം’ എന്ന ആശയം രൂപപ്പെട്ടത്. വലിച്ചെറിയുന്ന മാലിന്യങ്ങൾക്കും പുനരുപയോഗത്തിന്റെയും ശാസ്ത്രീയ സംസ്കരണത്തിന്റെയും സാധ്യതകളുണ്ടെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യമെന്നും സേനാംഗങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.