കോഴിക്കോട്: ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ച രോഗിക്കു നൽകിയത് ഫോൺ ഇൻ ചികിത്സയെന്ന് വിവരം. വിഷയത്തിൽ ആശുപത്രി സൂപ്രണ്ട് ജില്ല മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകി. ഡി.എം.ഒ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടതിനാൽ ഡോ. ജമീലിന്റെ നേതൃത്വത്തിലുള്ള സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.
സമിതി സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരിൽനിന്നും മറ്റു ജീവനക്കാരിൽനിന്നും മൊഴിയെടുക്കും.
ഇടതു കാൽവിരലുകൾക്കിടയിലെ പഴുപ്പ് മൂർച്ഛിച്ചതിനെ തുടർന്ന് ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ചികിത്സ തേടിയ അത്തോളി മേലേ എളേച്ചികണ്ടി പി.എം. രാജനാണ് (80) കഴിഞ്ഞ ദിവസം മരിച്ചത്. വിഷയത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. അത്തോളിയിലെ സഹകരണ ആശുപത്രിയിൽനിന്ന് അടിയന്തര ശസ്ത്രക്രിയക്ക് ബീച്ച് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ, ബീച്ച് അത്യാഹിത വിഭാഗത്തിൽ രാജനെ പരിശോധിച്ച ഹൗസ് സർജൻ പഴുപ്പ് ഫോട്ടോ എടുത്ത് ഡ്രസ് ചെയ്യുകയും ഡോക്ടർ റൗണ്ട്സിനു വരുമ്പോൾ നോക്കുമെന്നും രാജനൊപ്പമുള്ള മകൻ രാംലേശിനോട് പറഞ്ഞു.
ഇതിനിടെ രാജനു കുത്തിവെപ്പ് നൽകി. ആരോഗ്യസ്ഥിതി കൂടുതൽ വഷളായതിനെ തുടർന്ന് പലതവണ നഴ്സിന്റെ മുറിയിൽ പോയി പറഞ്ഞിട്ടും ഡോക്ടർമാർ ഉൾപ്പെടെ ആരും വന്നില്ല. ഡോക്ടർ ഫോണിൽ നിർദേശിച്ചപ്രകാരം ചികിത്സ നൽകുന്നുണ്ടെന്നാണ് നഴ്സ് മകനോട് പറഞ്ഞത്.
ശ്വാസതടസ്സം കണ്ടുനിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പുലർച്ചയോടെ ഡോക്ടറെത്തി ഇ.സി.ജി എടുക്കാൻ നിർദേശിച്ചു. അപ്പോഴേക്കും രാജൻ മരിച്ചിരുന്നു. ഇത്തരം ഒരു അവസ്ഥ ഇനി ഒരു രോഗിക്കും ഉണ്ടാകരുതെന്ന് രാംലേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.