1. കോഴിക്കോട് ബാങ്ക് റോഡിലെ നടപ്പാതയിൽ വഴി മുടക്കിയായി കിടക്കുന്ന മരത്തടി 2. മാവൂർ റോഡിൽ നടപ്പാത പൊളിഞ്ഞ നിലയിൽ 3. ടൗൺ ഹാളിന് സമീപം ഗവ കോളജ് ഓഫ് ടീച്ചേഴ്‌സ് എജുക്കേഷന് മുന്നിലെ നടപ്പാത തകർന്ന നിലയിൽ
കോഴിക്കോട്: കാലവർഷം എത്താറായിട്ടും ശോച്യാവസ്ഥയിൽ തുടരുകയാണ് നഗരത്തിലെ ഭൂരിഭാഗം ഓടകളും നടപ്പാതകളും. പൊട്ടിപ്പൊളിഞ്ഞും ടൈലുകൾ ഇളകിയുമുള്ള അവസ്ഥയിലാണ് നഗരഹൃദയത്തിലടക്കം നടപ്പാതകളുടെയും ഓടകളുടെയും അവസ്ഥ. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം നടപ്പാതയിലെ സ്ലാബ് തകർന്നിട്ട് ആഴ്ചകളായി. ടൗൺഹാളിന് സമീപത്തെ ഗവ. കോളജ് ഓഫ് ടീച്ചർ എജുക്കേഷന് മുന്നിലെ നടപ്പാതയിലെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞിട്ടും കാലമേറെയായി.തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിർമാണ പ്രവൃത്തി ഒച്ചിഴയുന്ന വേഗത്തിലായ മാനാഞ്ചിറ - മലാപ്പറമ്പ് റോഡിന് ഇരുവശത്തെ നടപ്പാതകൾ മിക്കയിടത്തും സ്ലാബുകൾ മൂടാതെയും നിർമാണ സാമഗ്രികൾ മാറ്റാതെയും ഇട്ടിരിക്കുകയാണ്.
പഴയ റോഡ് വീതി കൂട്ടാനായി വശങ്ങളിൽനിന്ന് മുറിച്ചുമാറ്റിയ കൂറ്റൻ മരത്തടികൾ, ട്രാഫിക് സിഗ്നൽ ലൈറ്റ് തൂണുകൾ എന്നിവയെല്ലാം ഇപ്പോഴും നീക്കം ചെയ്യാതെ നാലുവരിപ്പാതയുടെ നടപ്പാതയിൽ പുതിയ സ്ലാബുകൾക്ക് മുകളിൽ തന്നെ കിടക്കുകയാണ്. ഏറെ തിരക്കേറിയ ബാങ്ക് റോഡിലെ അവസ്ഥ പോലും ഇങ്ങനെയാണ്. മാനാഞ്ചിറയിലെ ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലെ നടപ്പാതയിൽ കൂറ്റൻ പൈപ്പുകൾ, കോൺക്രീറ്റ് കട്ടകൾ, മുമ്പുണ്ടായിരുന്ന പൊളിച്ചുമാറ്റിയ നടപ്പാതയുടെ ഹാൻഡ്റെയിലുകൾ വരെയുണ്ട്. ടി.ടി.പി.സി ഓഫിസിന് മുന്നിലെ നടപ്പാതയിൽ കാൽനടയാത്രക്കാർക്ക് വിഘാതമാകുക പൊലീസ് ബാരിക്കേഡാണ്.മാനാഞ്ചിറയിൽനിന്നും പാവമണി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വളവിൽ നടപ്പാതയിലെ സ്ലാബുകൾ പൂർണമായി മൂടാതെ അഴുക്കുചാലുകൾ തുറന്നിട്ട നിലയിലാണ്. നിർമാണം പുരോഗമിക്കുന്ന നഗരത്തിലെ പ്രധാന റോഡിന് ഇരുവശവുമുള്ള നടപ്പാതകളുടെയും ഓടകളുടെയും അവസ്ഥയാണിത്.
അഴുക്കുചാലുകളുടെ ശോച്യാവസ്ഥക്ക് പുറമെ, ചെറിയ വേനൽ മഴയിലെ വെള്ളം പോലും അഴുക്കുചാലിലേക്ക് പോകാതെ റോഡിൽ വെള്ളക്കെട്ടുണ്ടാക്കുന്നു. ഓടകളുടെ അശാസ്ത്രീയ നിർമാണമാണ് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഒരാഴ്ചക്കകം കാലവർഷം എത്തിയേക്കുമെന്ന കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് കണക്കിലെടുത്തുള്ള നീക്കങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.നാലുവരിയാക്കി വികസിപ്പിച്ച മാനാഞ്ചിറ - മലാപ്പറമ്പ് റോഡിന്‍റെ നിർമാണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു പുരോഗമിച്ചിരുന്നത്. ഉദ്ഘാടനം തിടുക്കപ്പെട്ട് ആദ്യഘട്ടത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ പോലും ഓടകളുടെ നിർമാണം പൂർത്തിയായിട്ടില്ല. കമ്പികളടക്കം നിർമാണ സാമഗ്രികളും നടപ്പാതയിലാണ് ഇട്ടിരിക്കുന്നത്.
അധികൃതരുടെ അനാസ്ഥ അരയിടത്തുപാലം മുതൽ പൊറ്റമ്മൽ വരെയുള്ള ഡിവൈഡർ നിർമാണത്തിലും പ്രകടമായിരുന്നു. കോൺക്രീറ്റ് വാരിപ്പൊത്തി തേച്ച് പിടിപ്പിച്ച രീതിയിലായിരുന്നു പലയിടത്തും ഡിവൈഡർ നിർമാണം.മാത്രമല്ല, ചിലയിടങ്ങളിൽ വീതി കൂടിയും കുറഞ്ഞും അറ്റം കൃത്യമായ രൂപമില്ലാതെയുമിരുന്നു. ഡിവൈഡറിന്‍റെ അവസ്ഥ യാത്രക്കാരുടെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് വിമർശനമുയർന്നതോടെ പ്രശ്നം പരിഹരിക്കുമെന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ ‘മാധ്യമ’ത്തോട് പറഞ്ഞിരുന്നു. ഇതുപ്രകാരം ഡിവൈഡർ നിർമാണ അപാകത പരിഹരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.